
ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുക, വിൽക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യൻ ഉത്പന്നങ്ങൾ: നമ്മുടെ അഭിമാനം' എന്ന സന്ദേശം ഓഗസ്റ്റ് 10 മുതൽ പ്രചരണം ആരംഭിക്കുവാൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). 26 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ലധികം പ്രമുഖ വ്യാപാര നേതാക്കൾ പങ്കെടുത്തുകൊണ്ട് ന്യൂഡൽഹിയിൽ നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ വ്യാപാരി നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം.
ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ ശക്തിപ്പെടുത്തും. വിദേശ കമ്പനികളുടെ കുത്തക സമ്പ്രദായങ്ങളിൽ നിന്ന് നാം അകന്നു നിൽക്കുകയും ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ, നമ്മുടെ ആഭ്യന്തര വ്യാപാരം കൂടുതൽ ശക്തമാകുമെന്നു മാത്രമല്ല നമ്മുടെ സമ്പദ്‌വ്യവസ്ഥയും തൊഴിലവസരങ്ങളും ശാക്തീകരിക്കപ്പെടുമെന്നു ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ചാന്ദ്നി ചൗക്കിൽ നിന്നുള്ള പാർലമെന്‍റ് അംഗവും സിഎഐടി സെക്രട്ടറി ജനറലുംമായ പ്രവീൺ ഖണ്ഡേൽവാൾ, ദേശീയ ചെയർമാൻ ബ്രിജ്മോഹൻ അഗർവാൾ, ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള 48,000ത്തിലധികം വ്യാപാര സംഘടനകളെ ഈ ക്യാംപെയ്നിൽ ഉൾപ്പെടുത്തും. വ്യാപാരികളെയും ഉപഭോക്താക്കളെയും പൊതു സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനങ്ങൾ സംസ്ഥാന, ജില്ലാ തലങ്ങളിൽ നടത്തും.
സോഷ്യൽ മീഡിയ, പോസ്റ്ററുകൾ, റാലികൾ, പൊതു ഇടപെടലുകൾ എന്നിവ ഉപയോഗപ്പെടുത്തി അവബോധം പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ ഉത്പന്നങ്ങൾ സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനും ഈ ക്യാംപെയ്ൻ സഹായിക്കുമെന്നു നേതാക്കൾ പറഞ്ഞു. സ്കൂളുകൾ, കോളേജുകൾ, വ്യാപാര സ്ഥാപനങ്ങൾ, എൻജിഒകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സജീവമായി ഇടപെടുത്തും.
'ഇവിടെ വിൽക്കുന്നത് ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം' എന്ന് എഴുതിയ ബാനറുകൾ അവരുടെ സ്ഥാപനങ്ങളിൽ പ്രധാനമായും പ്രദർശിപ്പിക്കാനും സ്വദേശി ഉത്പന്നങ്ങൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും CAIT എല്ലാ വ്യാപാരികളോടും അഭ്യർത്ഥിച്ചു. ഈ കാമ്പെയ്ൻ ഇന്ത്യയുടെ സാമ്പത്തിക ആത്മാഭിമാനത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുക മാത്രമല്ല, സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി മാറുമെന്നും നേതാക്കൾ പറഞ്ഞു. ദേശീയ നേതാക്കളായ കൈലാസ് ലഘ്യാനി, അമർ പർവാണി, ദൈര്യശീൽ പാട്ടിൽ, സുമിത് അഗർവാൾ, ടോമി കുറ്റ്യാങ്കൽ, വിപിൻ അഹൂജ, മനോജ് ഗോയൽ, ജിതേന്ദ്ര ഗാന്ധി, ഭൂപേന്ദ്ര ജെയിൻ, പങ്കജ് അറോറ, പ്രകാശ് ബെയ്ദ്, തുടങ്ങിയവർ സംസാരിച്ചു.