
#ബിസിനസ് ലേഖകൻ
കൊച്ചി: ക്യാനഡയുമായുള്ള ഉഭയ കക്ഷി രാഷ്ട്രീയ ബന്ധം വഷളാകുന്നതില്‍ രാജ്യത്തെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു. ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂണില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ബന്ധങ്ങളുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതാണ് ബന്ധം വഷളാക്കിയത്.
ഇതോടെ വിദ്യാഭ്യാസം, കയറ്റുമതി, ഇറക്കുമതി, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ക്യാനഡയില് വിപുലമായ ബന്ധങ്ങളും താത്പര്യങ്ങളുമുള്ള വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കേരളത്തില്‍ നിന്നും ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാർഥികളും ഉദ്യോഗാർഥികളുമാണ് പഠനത്തിനും ജോലിക്കും കുടിയേറ്റത്തിനുമായി ക്യാനഡയിലെത്തുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മലയാളികള്‍ പുതുഅവസരങ്ങള്‍ തേടുന്ന ക്യാനഡയുമായുള്ള രാഷ്ട്രീയ സംഘര്‍ഷം സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഖാലിസ്ഥാന്‍ തീവ്രവാദി നേതാവിനെ വധിച്ചവരുമായി ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന പേരില്‍ ക്യാനഡയിലെ ഇന്ത്യയുടെ എംബസിയിലെ ഒരു പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥനെ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ പുറത്താക്കിയിരുന്നു. ഇതിനു തിരിച്ചടിയായി ക്യാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ക്യാനഡയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് രാഷ്ട്രീയ സംഘര്‍ഷം കൈവിട്ടുപോകുന്നത്. രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ചര്‍ച്ചകള്‍ തത്കാലത്തേക്ക് മരവിപ്പിച്ചെന്ന് വാണിജ്യ മന്ത്രാലയം വക്താക്കള്‍ പറയുന്നു.
എന്നാല്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇന്ത്യയും ക്യാനഡയുമായുള്ള വ്യാപാര, വാണിജ്യ, നിക്ഷേപ മേഖലകളെ കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ക്യാനഡ ആസ്ഥാനമായ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ 330 കോടി ഡോളറിന്റെ മുതല്‍മുടക്കാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ പത്ത് വ്യാപാര പങ്കാളികളിലൊന്നായ ക്യാനഡയിലേക്ക് കയറ്റുമതി തുടര്‍ച്ചയായി മെച്ചപ്പെടുന്നതിനിടയിലാണ് പുതിയ പ്രശ്നങ്ങള്‍ പൊടിപ്പുറപ്പെടുന്നത്. പ്രതിവര്‍ഷം 4000 കോടി ഡോളറിലധികം മൂല്യമുള്ള ഉത്പന്നങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ ക്യാനഡയിലേക്ക് കയറ്റി അയക്കുന്നത്. സംസ്ഥാനത്തെ കയര്‍, സുഗന്ധവ്യഞ്ജന, ടെക്സ്റ്റയില്‍, ഐടി, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് ക്യാനഡയുമായി വാണിജ്യ ബന്ധങ്ങള്‍ ശക്തമാണെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ധനായ സുരേഷ് ഗോപിനാഥ് പറയുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒരു തരത്തിലും സേവന, വ്യാപാര മേഖലകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.