Representative image
Representative image

വിപണിയിൽ ഇടപെടാൻ കേന്ദ്രം

ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർധനയുമാണ് രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നത്
Published on

ബിസിനസ് ലേഖകൻ

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും കാരണം ഉത്പാദനത്തില്‍ ഇടിവുണ്ടായതോടെ ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്താനായി വിപണി ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുങ്ങുന്നു. വിപണിയിലെ പണ ലഭ്യത നിയന്ത്രിച്ച് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പരിമിതികള്‍ നേരിടുന്നതിനാലാണ് ഉത്പന്നങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പച്ചക്കറികളുടെയും പഴങ്ങളുടെയും ധാന്യങ്ങളുടെയും കയറ്റുമതിക്ക് നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർധനയുമാണ് രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നത്. ഇതോടെ പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില മാനം മുട്ടെ ഉയരുകയാണ്. മത്സ്യം, മാംസം, പാലുത്പന്നങ്ങള്‍, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ വില സൂചികയില്‍ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വില നടപ്പുവര്‍ഷം 40 ശതമാനം വരെ ഉയര്‍ന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. കൊടും ചൂടില്‍ ചരക്കുനീക്കം പ്രതിസന്ധിയിലായതും വില കൂടാന്‍ കാരണമായി.

ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.8 ശതമാനത്തിന് അടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മേയിലെ നാണയപ്പെരുപ്പം കുത്തനെ കൂടാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിയ്ക്ക് മുകളിലെത്തിയതിനാല്‍ കനത്ത ഉത്പാദനത്തകര്‍ച്ചയാണ് നേരിട്ടത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന് ഭക്ഷ്യ വിലക്കയറ്റം കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്. വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് ഉപയോഗം കുറയ്ക്കുന്നതിനാണ് ഇതുവരെ റിസര്‍വ് ബാങ്ക് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വായ്പാ പലിശ 2.5 ശതമാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശ കൂട്ടിയാല്‍ സാമ്പത്തിക മേഖല വന്‍ തിരിച്ചടി നേരിടുമെന്നതാണ് റിസര്‍വ് ബാങ്കിനെ വലയ്ക്കുന്നത്.