
#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖല തുടർച്ചയായി തളർച്ചയിലേക്ക് നീങ്ങുന്നതിനാൽ വ്യാവസായിക മേഖലയ്ക്കായി പുതിയ ഉത്തേജക പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും.
നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ ഉത്പാദന മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകിയും ഉപഭോഗം മെച്ചപ്പെടുത്താൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചും വിപണിയിൽ ഉണർവ് സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വീണ്ടും മുകളിലേക്കു നീങ്ങുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ വിപണിയിൽ പണ ലഭ്യത ഉയർത്തുന്ന തരത്തിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറാവില്ല.
ഒക്റ്റോബർ മുതൽ നവംബർ വരെയുള്ള 3 മാസക്കാലയളവിൽ രാജ്യത്തെ സ്വകാര്യ ഉപഭോക്തൃ ഉപഭോഗത്തിൽ കേവലം 2.3% വർധന മാത്രമാണുണ്ടായത്. ഇക്കാലയളവിൽ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വളർച്ച 4.4% ആയി ചുരുങ്ങാനുള്ള പ്രധാന കാരണവും ഉപഭോഗത്തിലെ ഇടിവാണ്.
അതിനാൽ ഉപഭോഗം ഉയർത്താനായി ഇന്ധന നികുതി കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കാനിടയുണ്ടെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ബിജു നാരായണൻ സൂചിപ്പിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി 5 മുതൽ 8 രൂപ വരെ കുറച്ച് വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് സാധ്യത. ഇതോടെ അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ വീണ്ടും പലിശ വർധന ഉണ്ടാകുവാനുള്ള സാധ്യത കുറയുമെന്ന് ബിജു നാരായണൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മേയിൽ വിലക്കയറ്റം നേരിടാൻ പെട്രോളിന്റെ എക്സൈസ് തീരുവ 8 രൂപയും ഡീസലിന്റെ തീരുവ 6 രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതോടൊപ്പം കഴിഞ്ഞ 8 മാസത്തിലധികമായി പൊതു മേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന വില നിർണയാവകാശം മരവിപ്പിച്ചതും വിലക്കയറ്റം നേരിടുന്ന നടപടികളുടെ ഭാഗമായാണ്.
തുടർച്ചയായ രണ്ടു പാദങ്ങളിലും മാനുഫാക്ചറിങ് മേഖല നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിനാൽ ഉത്പാദന രംഗത്തുള്ള കമ്പനികൾക്ക് നികുതി, പലിശ ഇളവുകൾ ഉൾപ്പെടുത്തി പ്രത്യേക പാക്കെജുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം സജീവമാണ്. അമെരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാൽ കയറ്റുമതി വിപണി കൂടുതൽ മത്സരക്ഷമമാക്കാൻ വിപുലമായ ഇളവുകൾ ഉത്പാദകർക്ക് നൽകേണ്ടതുണ്ടെന്ന് ധന മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പുതിയ വിപണികൾ കണ്ടെത്താനും മത്സരക്ഷമതയോടെ ഉത്പന്നങ്ങൾ വിപണനം നടത്താനും സഹായിക്കുന്ന ഒരു സമ്പൂർണ പാക്കെജ് ഒരുക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.