
കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മധ്യേഷ്യയിൽ യുദ്ധഭീതി വളർത്തുന്നത് സ്വർണ വിലയെ ബാധിക്കുന്നു. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ കാണുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ കൂടുതല്‍ പണം സ്വര്‍ണ ഇടിഎഫുകളിലേക്കും മറ്റും ഒഴുക്കും. താത്കാലിക അഭയമെന്ന നിലയില്‍ നടത്തുന്ന ഈ നിക്ഷേപം പിന്നീട് പ്രതിസന്ധികള്‍ ഒഴിയുമ്പോള്‍ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും മറ്റും തിരിച്ച് നിക്ഷേപിക്കുകയും ചെയ്യും. നിലവില്‍ അത്തരത്തില്‍ നിക്ഷേപം ഒഴുകുന്നതാണ് വില ഉയര്‍ത്തുന്നത്.
ഇതുകൂടാതെ അമെരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നടക്കുന്ന മീറ്റിങ്ങില്‍ തന്നെ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് നേട്ടമാണ്. ഒപ്പം യുദ്ധഭീതിയില്‍ ഡോളര്‍ വില ഉയരുന്നതും സ്വര്‍ണത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ മൂല്യം കണക്കാക്കുന്നത് ഡോളറിലായതിനാല്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരും.
നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടതും രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതും ഇവിടെ വില കയറാന്‍ കാരണമാകുന്നുണ്ട്. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് സ്വര്‍ണ വില ഉയരുന്നതിൽ ആശങ്കയിലാണ്.
കേരളത്തിൽ സ്വര്‍ണ വില വ്യാഴാഴ്ചയും റെക്കോഡ് ഭേദിച്ചിരുന്നു. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,110 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 27ന് കുറിച്ച പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്നലെ ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 5,880 രൂപയിലെത്തി. വെള്ളി വിലയാകട്ടെ തുടര്‍ച്ചയായ മൂന്നാം ദിവസവും അനങ്ങാതെ നില്‍ക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിലയില്‍ ചൊവ്വാഴ്ച വലിയ മുന്നേറ്റമുണ്ടായെങ്കിലും കഴിഞ്ഞദിവസം നേരിയ ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 0.07 ശതമാനം താഴ്ന്ന് ഔണ്‍സിന് 2,656.02ലാണ് വ്യാപാരം നടന്നത്.