

സ്വർണം തന്നെ രാജാവ്: കേന്ദ്ര ബാങ്കുകൾ ശേഖരം കൂട്ടുന്നു
പ്രതീകാത്മക ചിത്രം
മുംബൈ: നൂറ്റാണ്ടുകളായി, സാമ്പത്തിക അനിശ്ചിതത്വം ഉയര്‍ന്നുവന്നപ്പോഴെല്ലാം അതിനെ മറികടക്കാന്‍ രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്കാണ് തിരിഞ്ഞിട്ടുള്ളത്. എന്നാല്‍ ഡിജിറ്റല്‍ പേയ്മെന്‍റുകളുടെയും ക്രിപ്റ്റോകറന്‍സികളുടെയും യുഗത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വര്‍ണത്തിന് പ്രാധാന്യം കുറയുമെന്ന തലത്തിലേക്ക് എത്തി. പക്ഷേ, സ്വര്‍ണം ഇന്നും രാജാവ് തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലോകത്തിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും സ്വര്‍ണ ശേഖരം വർധിപ്പിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഓരോ രാജ്യവും സ്വര്‍ണം കരുതല്‍ ശേഖരമായി സൂക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള റാങ്കിങ്ങില്‍ മഞ്ഞ ലോഹം ഏറ്റവുമധികം സൂക്ഷിക്കുന്നത് അമെരിക്കയാണെന്ന് പറയുന്നു.രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ ശേഖരത്തിന്‍റെ ഇരട്ടിയിലധികം അമെരിക്കയ്ക്കുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
8,133.5 ടണ്‍ സ്വര്‍ണമാണ് അമെരിക്ക കൈവശം വച്ചിരിക്കുന്നത്. ഇത് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവ സൂക്ഷിക്കുന്ന സ്വര്‍ണ ശേഖരത്തിന്‍റെ തുല്യമാണ്.
പണപ്പെരുപ്പം, കറന്‍സികളുടെ ചാഞ്ചാട്ടം, ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ എന്നിവയ്ക്കെതിരേ തന്ത്രപരമായ ഒരു കരുതല്‍ ആസ്തിയായി സ്വര്‍ണം ഇന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു പുതിയ പഠനം വിശദമാക്കുന്നു. ഏറ്റവും വലിയ സ്വര്‍ണ ശേഖരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. വളര്‍ന്നുവരുന്ന മറ്റ് സമ്പദ് വ്യവസ്ഥകള്‍ അവരുടെ കൈവശമുള്ള സ്വര്‍ണ ശേഖരത്തിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ സ്വര്‍ണ ശേഖരം 3,351.6 ടണ്ണാണ്. 2,451.9 ടണ്ണുമായി ഇറ്റലി മൂന്നാം സ്ഥാനത്തും, 2,437 ടണ്ണുമായി ഫ്രാന്‍സ് നാലാം സ്ഥാനത്തുമാണ്. 2,200 ടണ്ണിലധികം സ്വര്‍ണം കൈവശം വച്ചിരിക്കുന്ന റഷ്യയും ചൈനയും ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടം നേടി. 876.2 ടണ്‍ സ്വര്‍ണ ശേഖരമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്. ലോകത്തിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വര്‍ണ ശേഖരത്തിന്‍റെ 60% ത്തിലധികവും അമെരിക്കയിലും യൂറോപ്പിലുമാണ് ഉള്ളത്.