
കൊച്ചി: ആഭ്യന്തര വിപണി വില നിയന്ത്രിക്കുന്നതിനായി ഭാഗമായി സവാളയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്ര സർക്കാർ നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സവാളയുടെ കയറ്റുമതി നിയന്ത്രണം തുടരുമെന്നാണ് ഇന്നലെ സർക്കാർ വ്യക്തമാക്കിയത്.
പൊതു തിരഞ്ഞെടുപ്പ് തൊട്ടടുത്തിയതോടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സവാള കയറ്റുമതി നിരോധനം നീട്ടുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്തിയും ഉപഭോഗം നിയന്ത്രിച്ചും വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിറുത്താമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. വിലക്കയറ്റത്തിന് തടയിടാൻ അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങളുടെയും കയറ്റുമതിക്ക് സർക്കാർ നേരത്തെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.
ചെങ്കടലിലെ സംഘർഷം രൂക്ഷമായതിനാൽ ക്രൂഡോയിൽ ഉൾപ്പെടെ വില കുതിച്ചുയരാനുള്ള സാധ്യത സർക്കാരിന് ആശങ്ക സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ വർഷം വില കുത്തനെ കൂടിയതോടെയാണ് സവാള കയറ്റുമതിക്ക് സർക്കാർ മാർച്ച് 31 വരെ നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര വിപണിയിൽ വില പകുതിയായി കുറഞ്ഞതിനാൽ കയറ്റുമതി നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. പുതിയ സീസണിൽ കൂടുതൽ ചരക്ക് വിപണിയിൽ എത്തുമ്പോൾ കയറ്റുമതി നിരോധനം നീട്ടിയ തീരുമാനം കർഷകർക്ക് തിരിച്ചടിയാകും.
ലോകത്തിലെ പ്രധാന സവാള ഉത്പാദകരായ ഇന്ത്യ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആഗോള വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്‌ട്രയിലെ പ്രധാന വിപണികളിൽ നിലവിൽ സവാളയുടെ വില കിലോയ്ക്ക് 12 രൂപയ്ക്കടുത്താണ്. കഴിഞ്ഞ ഡിസംബറിൽ സവാള വില 4,5 രൂപ വരെ ഉയർന്നിരുന്നു.
ബംഗ്ലാദേശ്, നേപ്പാൾ, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് വലിയ തോതിൽ സവാള വാങ്ങുന്നത്. ഇന്ത്യയിലെ കയറ്റുമതി നിരോധനം മൂലം ഈ വിപണികളിൽ സവാള വില കുതിച്ചുയർന്നിരുന്നു.