ഭവന മേഖലയിൽ വമ്പൻ ഇളവുകൾ ഒരുക്കാൻ കേന്ദ്ര സർക്കാർ
#ബിസിനസ് ലേഖകൻ
കൊച്ചി: മാന്ദ്യ സമാന സാഹചര്യങ്ങളിലൂടെ നീങ്ങുന്ന ഭവന നിർമാണ മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ വമ്പൻ ഉത്തേജക പദ്ധതി തയാറാക്കുന്നു. നിർമാണ ഉത്പന്നങ്ങളുടെ വിലക്കയറ്റവും പലിശ നിരക്കിലുണ്ടായ വർധനവും കണക്കിലെടുത്ത് ഭവന നിർമാണ മേഖലയ്ക്കായി 60,000 കോടി രൂപ സബ്സിഡിയായി ലഭ്യമാക്കുന്ന പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭവന ഉപഭോക്താക്കളുടെ ബാങ്ക് വായ്പകൾക്ക് ഒരു ശതമാനത്തിനടുത്ത് പ്രതിവർഷം പലിശ സബ്സിഡി ലഭ്യമാകും. അടുത്ത 5 വർഷത്തേക്ക് ഭവന വായ്പകൾക്ക് പലിശ ഇളവ് ബാങ്കുകൾ വഴി ലഭ്യമാക്കാനാണ് ധന മന്ത്രാലയം ആലോചിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാകും പദ്ധതി പ്രഖ്യാപിക്കുക. വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാർക്ക് ഭവന മേഖലയിലെ പലിശയിളവ് ഏറെ ആശ്വാസം പകരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 20 വർഷം കാലാവധിയുള്ള 50 ലക്ഷം രൂപ വരെയുള്ള വായ്പാ തുകയ്ക്ക് പലിശ ഇളവ് ലഭ്യമാകും. രാജ്യത്തെ 25 ലക്ഷം ഭവന വായ്പാ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതിയുടെ പ്രയോജനം താഴെത്തട്ടിൽ വരെ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താൻ രാജ്യത്തെ മുൻനിര ബാങ്ക് മേധാവികളുമായി ധനമന്ത്രാലയം ഉദ്യോഗസ്ഥർ അടുത്ത ദിവസം ചർച്ചകൾ നടത്തും. ഭവന നിർമാണ മേഖലയിൽ കൂടുതൽ വായ്പ ലഭ്യമാക്കാൻ പദ്ധതി സഹായിക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തിയതോടെ ഭവന വായ്പകൾക്ക് ആവശ്യക്കാർ ഏറുകയാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും നിർമാണ സാമഗ്രികളുടെ വില കുറഞ്ഞതോടെ പരമാവധി വേഗത്തിൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഉപഭോക്താക്കൾ സജീവമായി ആലോചിക്കുകയാണെന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. 2 വർഷമായി കടുത്ത മാന്ദ്യ സാഹചര്യത്തിൽ നീങ്ങുകയായിരുന്ന റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ ചലനങ്ങൾ ശക്തമാണെന്നും അവർ പറയുന്നു.
അതേസമയം വിപണിയിൽ അനുകൂല സാഹചര്യമാണെങ്കിലും വായ്പകളുടെ പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതാണ് ഉപഭോക്താക്കളെ വിഷമത്തിലാക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ നിരക്ക് 2.25% വർധിപ്പിച്ചതിനാൽ ഭവന വായ്പകളുടെ പലിശ 10%ത്തിനടുത്ത് എത്തി. എന്നാൽ ഡിസംബർ മാസത്തിന് ശേഷം മുഖ്യ പലിശ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് ഭവന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന നിർമാണ മേഖല കൂടുതൽ സജീവമാകുമെന്നും അവർ വിലയിരുത്തുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഭവന വായ്പകളുടെ ആവശ്യകതയിൽ 20%ത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. നിർമാണ സാമഗ്രികളുടെയും ലോഹങ്ങളുടെയും വില താഴ്ന്നതോടെ ഉപഭോക്താക്കൾ ഭവന വായ്പ എടുക്കാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയാണ്.
മെട്രൊ, നഗര മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ ഫ്ലാറ്റ്, വില്ല എന്നിവയുടെ വിൽപ്പന ഗണ്യമായി മെച്ചപ്പെട്ടുവെന്ന് പ്രമുഖ ഭവന നിർമാതാക്കൾ പറയുന്നു. വിദേശ മലയാളികളും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗര മേഖലകളിൽ വലിയ തോതിൽ ഭവന രംഗത്ത് നിക്ഷേപം നടത്തുന്നുണ്ട്. റീട്ടെയ്ൽ ഉപഭോക്താക്കളും വായ്പ വിപണിയിൽ സജീവമായി.
വരും മാസങ്ങളിൽ വാഹന വിപണി കൂടി സജീവമാകുന്നതോടെ ബാങ്ക് വായ്പകൾക്ക് ആവശ്യക്കാർ ഏറുമെന്നാണ് പ്രതീക്ഷയെന്ന് കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക മേഖലയിലെ ഉണർവിന്റെ ഗുണ ഫലങ്ങൾ വരും ദിവസങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്തും ലഭ്യമാകുമെന്നും അദ്ദേഹം കൂടിച്ചേർക്കുന്നു.
പ്രമുഖ ഫ്ലാറ്റ് നിർമാണ കമ്പനികളെല്ലാം പുതിയ സാഹചര്യത്തിൽ നിരവധി ആനുകൂല്യങ്ങളും ഇളവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ വിദേശ ഇന്ത്യയ്ക്കാരും ഭവന വിപണിയിൽ സജീവമാണ്.