

വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കും.
ന്യൂഡൽഹി: അസാധാരണ സാഹചര്യങ്ങളിൽ യാത്രക്കൂലി കുത്തനെ ഉയർത്തുന്ന വിമാനക്കമ്പനികളുടെ നടപടിക്കു തടയിടുമെന്നു കേന്ദ്ര സർക്കാർ. കൊവിഡ് ലോക്ഡൗൺ, കുംഭമേള, സമീപകാലത്തുണ്ടായ ഇൻഡിഗോ പ്രതിസന്ധി എന്നിവയിലെല്ലാം സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും കേന്ദ്രം. ലോക്സഭയിൽ സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയിലും ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ ഇടപെടും. ഉഡാൻ സർവീസുകളിൽ ഇപ്പോൾത്തന്നെ നിരക്കിനു പരിധിയുണ്ടെന്നും മന്ത്രി.
ആഭ്യന്തര സർവീസുകളിൽ 65 ശതമാനവും നിയന്ത്രിക്കുന്ന ഇൻഡിഗോ അടുത്തിടെ കൂട്ടത്തോടെ സർവീസുകൾ റദ്ദാക്കിയപ്പോൾ രാജ്യത്ത് വ്യോമയാന മേഖല പ്രതിസന്ധിയിലായിരുന്നു. പതിനായിരങ്ങൾക്കാണ് അടിയന്തര യാത്രാ ആവശ്യങ്ങൾ മുടങ്ങിയത്. ഇതോടെ വിവിധ കമ്പനികൾ യാത്രക്കൂലി കുത്തനെ കൂട്ടിയിരുന്നു. പിന്നീടു സർക്കാർ ഇടപെട്ട് നിയന്ത്രിച്ചിരുന്നു.