China action can slow down apple iphone manufacture in India

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണത്തിനു ചൈനീസ് പാര

File

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണത്തിനു ചൈനീസ് പാര

എതിരാളികളായ രാജ്യങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യവും യന്ത്രങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ ചൈന ഒരു നയം തന്നെ രൂപീകരിച്ചിട്ടുണ്ട്

ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കാവുന്ന നീക്കവുമായി ചൈന. തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണിന്‍റെ ഐഫോണ്‍ നിര്‍മാണ പ്ലാന്‍റുകളില്‍ നിന്ന് മുന്നൂറിലധികം ചൈനീസ് എന്‍ജിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും ഫോക്‌സ്‌കോണ്‍ തിരിച്ചുവിളിച്ചു. ഏകദേശം രണ്ട് മാസം മുന്‍പാണു ഫോക്‌സ്‌കോണ്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്ലാന്‍റില്‍ അവശേഷിക്കുന്നത് തായ്‌വാനീസ് വിദഗ്ധര്‍ മാത്രമാണ്.

ഇന്ത്യയില്‍ ഉത്പാദനം വിപുലീകരിക്കുന്നതിന് വന്‍തോതില്‍ നിക്ഷേപം നടത്തിയ ആപ്പിളിന്, പരിശീലനം ലഭിച്ച ചൈനീസ് വിദഗ്ധരുടെ നഷ്ടം വലിയ തിരിച്ചടിയാണ്. ഡിവൈസുകള്‍ അസംബ്ലിങ് ചെയ്യുന്നതില്‍ മാത്രമല്ല, ഇന്ത്യയിലെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും ചൈനയിലെ വലിയ ഫാക്റ്ററികള്‍ക്കുള്ളില്‍ പതിറ്റാണ്ടുകളായി നടന്നിരുന്ന നിര്‍മാണ പ്രക്രിയയില്‍ നിന്ന് ആര്‍ജിച്ച പരിജ്ഞാനം കൈമാറുന്നതിന്‍റെ ചുമതലയും ഈ എന്‍ജിനീയര്‍മാര്‍ക്കായിരുന്നു.

പ്രൊഡക്ഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിലും, പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും, പുതിയ ഐഫോണ്‍ മോഡലുകള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നതിലും ചൈനീസ് എന്‍ജിനീയര്‍മാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇത്തരത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ക്കു മാനുഫാക്ചറിങ് പ്രക്രിയയില്‍ വന്‍ പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ പെട്ടെന്നുള്ള പിന്മാറ്റം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ചൈനയുടെ പ്രകോപനം

ഇന്ത്യയും വിയറ്റ്‌നാമും പോലുള്ള രാജ്യങ്ങള്‍ ടെക്‌നോളജിയുടെയും തൊഴിൽ വൈദഗ്ധ്യത്തിന്‍റെയും കയറ്റുമതിയില്‍ ചൈനയ്ക്ക് ബദലായി അതിവേഗം വളര്‍ന്നു വരുന്നതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മത്സരം ഭാവിയില്‍ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലേക്കു ടെക്‌നോളജിയും ലേബറും കയറ്റുമതി ചെയ്യുന്നതിനു ചൈന ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്നതോ, എതിരാളികളായ രാജ്യങ്ങള്‍ക്കോ പ്രയോജനകരമായി മാറിയേക്കാവുന്ന തൊഴില്‍ വൈദഗ്ധ്യവും യന്ത്രങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ ചൈന ഒരു നയം തന്നെ രൂപീകരിച്ചിട്ടുണ്ട്.

ആപ്പിളിനെയും മെയ്ക്ക് ഇന്‍ ഇന്ത്യയെയും ബാധിക്കുമോ?

നിലവില്‍ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്‍റെ 20 ശതമാനത്തോളം ഇന്ത്യയിലാണ് നടത്തുന്നത്. 2026 ആകുമ്പോഴേക്കും യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതാവും. ഈ ലക്ഷ്യം നേടാൻ ഫോക്‌സ്‌കോണ്‍ ഇന്ത്യയിൽ പുതിയൊരു ഫാക്റ്ററി പോലും നിര്‍മിക്കുന്നുണ്ട്. എങ്കിലും ഇപ്പോള്‍ വൈദഗ്ധ്യമുള്ള ചൈനീസ് എന്‍ജിനീയര്‍മാരുടെ പിന്മാറ്റം ഈ ലക്ഷ്യം കൈവരിക്കാനുള്ള മുന്നേറ്റത്തെ മന്ദഗതിയിലാക്കിയേക്കും. ഉത്പന്നത്തിന്‍റെ ഗുണനിലവാരത്തെ വരെ ഇതു ബാധിക്കാം.

'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തെ സംബന്ധിച്ചിടത്തോളം ചൈനീസ് എന്‍ജിനീയര്‍മാരുടെ പിന്മാറ്റം ഒരു തിരിച്ചറിവുണ്ടാക്കും. വിദേശ വൈദഗ്ധ്യത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരുന്നതിനൊപ്പം പ്രാദേശിക കഴിവുകള്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാന്‍ ഇത് ഇടയാക്കും.

യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ചൈനയില്‍ നിന്ന് ആപ്പിള്‍ ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തുടങ്ങിയത്. ഇത് ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കുമെങ്കിലും വിദഗ്ധരായ എന്‍ജിനീയര്‍മാരെ പിന്‍വലിക്കുന്നതും മറ്റ് കയറ്റുമതി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള ചൈനയുടെ പ്രതികാര നടപടികള്‍ ഹ്രസ്വകാലത്തേക്ക് തടസങ്ങള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്‌സ് കരാര്‍ നിര്‍മാണ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ചൈനയില്‍ ഇപ്പോഴും ഐഫോണുകളുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോണ്‍ തന്നെയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ വലിയ തോതിലുള്ള അസംബ്ലി യൂണിറ്റുകള്‍ കമ്പനി നിര്‍മിച്ചു.

ഇന്ത്യയിലെ അസംബ്ലി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതില്‍ ഫോക്‌സ്‌കോണിലെ ചൈനീസ് എന്‍ജിനീയര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com