തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല; ഇന്ധന വില വർധന വീണ്ടും

ഡൽഹിയിൽ സിഎൻജി വില കിലോഗ്രാമിന് 2 രൂപ വർധിപ്പിച്ചു; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു
CNG price hike

സിഎൻജി വില വർധന ഓട്ടൊ റിക്ഷ - ടാക്സി മേഖലയെ നേരിട്ട് ബാധിക്കും.

Representative image

Updated on

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർധിപ്പിച്ചു. കിലോഗ്രാമിന് 2 രൂപയാണ് ചൊവ്വാഴ്ച കൂട്ടിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ വിലവർധനവാണിത്.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL) അറിയിച്ചതനുസരിച്ച്, പുതുക്കിയ വില നിലവിൽ വന്നതോടെ ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. മേയ് 15-ന് ശേഷം നടക്കുന്ന നാലാമത്തെ വിലവർധനവോടെ മൊത്തം 4 രൂപയാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സിഎൻജിക്ക് മാത്രം വർധിച്ചത്.

ഇറാൻ - യുഎസ് സംഘർഷം മൂലം ഉടലെടുത്തിരിക്കുന്ന കടുത്ത ഭൗമരാഷ്ട്രീയ പ്രതിസന്ധികളാണ് ആഗോള ഊർജ വിപണിയെയും ഇന്ത്യയിലെ ആഭ്യന്തര ഇന്ധനവിലയെയും ഇപ്പോൾ വൻതോതിൽ ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) തടസങ്ങൾ നേരിടുന്നത് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായി.

സ്വന്തം ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്‍റെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഇതിന്‍റെ ആഘാതം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. തിങ്കളാഴ്ച എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയും വർധിപ്പിച്ചിരുന്നു. മേയ് 15-ന് ശേഷം ഇന്ധനവിലയിൽ ഉണ്ടായ ആകെ വർധനവ് ലിറ്ററിന് 7.50 രൂപയോട് അടുക്കുകയാണ്.

പെട്രോൾ, ഡീസൽ വിലവർധനവിന് പിന്നാലെ സിഎൻജി നിരക്കുകളും തുടർച്ചയായി ഉയരുന്നത് സാധാരണക്കാരായ ജനങ്ങൾക്കും ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.

logo
Metro Vaartha
www.metrovaartha.com