കയർ മേഖല പ്രതിസന്ധിയിൽ; ഉത്‌പാദകർ തമിഴ്‌നാട്ടിലേക്ക്

50 സെന്‍റ് മുതൽ 500 ഏക്കർ വരെ സ്ഥലം കയർ വ്യവസായികൾക്ക് തമിഴ്‌നാട് സർക്കാർ നൽകും; 5 വർഷം വരെ തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും നൽകും
ആലപ്പുഴയിലെ കയർനിർമാണശാലയിൽ നിന്ന് കയറുത്പന്നങ്ങൾ കയറ്റുമതിക്കായി കൊണ്ടുപോകുന്നു.
ആലപ്പുഴയിലെ കയർനിർമാണശാലയിൽ നിന്ന് കയറുത്പന്നങ്ങൾ കയറ്റുമതിക്കായി കൊണ്ടുപോകുന്നു.

ജിബി സദാശിവൻ

കൊച്ചി: പരമ്പരാഗത വ്യവസായ മേഖലയായ കയർ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. ആഗോളവിപണിയിൽ ഏറെ സാധ്യതയുണ്ടെങ്കിലും കേരളത്തിലെ ചെറുകിട കയർ യൂണിറ്റുകളെല്ലാം നഷ്ടത്തിലാണ്. കയർഭൂവസ്ത്രത്തിന് വിദേശത്ത് ഏറെ ഡിമാന്‍റുണ്ടെങ്കിലും കേരളത്തിൽ ആവശ്യത്തിന് സ്റ്റോക്ക് പോലും ജിയോടെക്സ് ഉത്പാദകർക്ക് ലഭിക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയ്ക്ക് ഒരിക്കൽ വളക്കൂറായത് കയർ തൊഴിലാളികളായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പരമ്പരാഗത വ്യവസായ മേഖലയോട് പഴയ താത്പര്യമില്ലന്ന് ആലപ്പുഴയിലെ പരമ്പരാഗത കയർ തൊഴിലാളി കുടുംബങ്ങൾ തന്നെ പറയുന്നു.

സർക്കാർ അവഗണനയും വ്യവസായ സൗഹൃദമല്ലാത്ത നിലപാടുകളും കാരണം കേരളത്തിലെ കയറുത്പന്ന നിർമാതാക്കളെല്ലാം തമിഴ്നാട്ടിലേക്ക് കളം മാറ്റി. കയർ വ്യവസായ മേഖലയ്ക്ക് പ്രഖ്യാപനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. 75 കോടി രൂപയാണ് കേന്ദ്ര സർക്കാർ കയർ മേഖലയ്ക്കായി അനുവദിച്ചത്. ഇതിൽ അൻപത് കോടിയും ശമ്പളത്തിന് പോകും. ബാക്കി 25 കോടിയാണ് കയർ വ്യവസായ മേഖലയ്ക്ക് ലഭിക്കുന്നത്. അത് തന്നെ ഏതെങ്കിലും സമയത്ത് ലഭിച്ചാലായി എന്നതാണ് സ്ഥിതി.

തമിഴ്നാട് സർക്കാർ 3000 കോടി രൂപയാണ് കയർ മേഖലയ്ക്കായി അനുവദിക്കുന്നത്. ഒരു വർഷം 500 കോടിയാണ് ഈ മേഖല അടിസ്ഥാനസൗകര്യമൊരുക്കുന്നതിനായി ഇവർ ചെലവഴിക്കുന്നത്. കേരളത്തിലാകട്ടെ പ്രഖ്യാപിക്കുന്ന നാമമാത്ര തുക പോലും കിട്ടുന്നത് എപ്പോഴെങ്കിലും. കേരളത്തിലുണ്ടായിരുന്ന ഒട്ടുമിക്ക കയറ്റുമതിക്കാരും പ്രൊഡക്ഷൻ യൂണിറ്റ് തമിഴ്‌നാട്ടിലേക്ക് മാറ്റി. തൂത്തുക്കുടി, പൊള്ളാച്ചി, തേനി എന്നിവിടങ്ങളിലെല്ലാം കയർ നിർമാണ യൂണിറ്റുകൾ ഉണ്ട്. തമിഴ്‌നാട് പ്രതിനിധികൾ ഇവിടെ എത്തി വ്യവസായികളെ ക്ഷണിച്ചു കൊണ്ടുപോവുകയാണ്. കേരളത്തിലെ പോലെ വാഗ്ദാനങ്ങൾ മാത്രമല്ല സർക്കാരിന്‍റെ പൂർണ ലഭിക്കുന്നുമുണ്ട്.

കോയമ്പത്തൂരിൽ സ്ഥലം നൽകാം എന്നാണ് കയർ ഉത്പാദകർക്ക് തമിഴ്നാട് നൽകുന്ന ഉറപ്പ്. 50 സെന്‍റ് മുതൽ 500 ഏക്കർ വരെ സ്ഥലം കയർ വ്യവസായികൾക്ക് തമിഴ്‌നാട് നൽകും. അഞ്ച് വർഷം വരെ തൊഴിലാളികളുടെ പി എഫ്, ഇ എസ് ഐ, ഗ്രാറ്റുവിറ്റി എല്ലാം സർക്കാർ നൽകും. തൊഴിൽ നൽകുക എന്നതാണ് തമിഴ്‌നാടിന്‍റെ അജണ്ട. കേരളത്തിൽ ആനൂകൂല്യങ്ങൾ പലതുണ്ടെങ്കിലും വ്യവസായത്തിന് ഗുണകരമാകുന്നില്ല എന്നാണ് പ്രധാന പരാതി.

കേരളത്തിൽ നിന്നും ഒട്ടേറെ വ്യവസായികൾ തമിഴ്‌നാട്ടിലേക്ക് പോയി. കേരളത്തിലാകട്ടെ ജോലിക്കായി തൊഴിലാളി ലഭ്യതയും കുറവാണ്. സ്റ്റെൻസിൽ ജോലിക്ക് കേരളത്തിൽ വലിയ ഡിമാൻഡാണ്. ജോലിക്കാരെ ലഭിക്കാനുമില്ല. എന്തെങ്കിലും കടുപ്പിച്ച് പറഞ്ഞാൽ തന്നെ ഇവർ പണിമുടക്ക് ഭീഷണി മുഴക്കും. എന്നാൽ തമിഴ്നാട്ടിൽ 1800 ഓളം സ്ത്രീകൾ രാപകൽ ഇതിനായി അധ്വാനിക്കുന്നു.

കയറ്റുമതിയിൽ 4200 കോടി വിറ്റുവരവിൽ 800 കോടി മാത്രമാണ് കേരളത്തിന്റെ സംഭാവന. 3200 കോടിയും തമിഴ്നാട്ടിലാണ്. ആകെ കയർ കയറ്റുമതിയിൽ നാലിൽ ഒരു ഭാഗം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. എല്ലാം കേൾക്കും പക്ഷെ ഒന്നും നടപ്പാകില്ല, ഇതാണ് കേരള സർക്കാർ എന്ന് കയർ ഉത്പാദന മേഖലയിൽ ഉള്ളവർ കുറ്റപ്പെടുത്തുന്നു. പരമ്പരാഗത വ്യവസായ മേഖലയായ കയർ വ്യവസായത്തിലേക്ക് വരാൻ പുതുതലമുറയ്ക്ക് തീരെ താത്പര്യമില്ല. എന്നാൽ കയറുത്പന്നങ്ങൾക്ക് വലിയ വിപണിസാധ്യതയുണ്ടെന്ന് ലിസ കയർടെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വി.ജെ ഫ്രാൻസിസ് പറയുന്നു. നൂറു ശതമാനം ബയോ ഡീഗ്രെഡബിൾ കയർ ഉത്പന്നങ്ങൾക്ക് ആഗോള ഡിമാൻഡ് ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കയർ ഉത്പന്നങ്ങൾക്ക് ആഗോള ഡിമാൻഡ് ഉണ്ടായിരുന്നിട്ടും, കേരളത്തിലെ ചെറുകിട കയർ യൂണിറ്റുകൾ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് അന്യം നിന്ന് പോവുകയാണ്. പല സംരംഭകരും തങ്ങളുടെ പ്രവർത്തനങ്ങൾ അയൽരാജ്യമായ തമിഴ്‌നാട്ടിലേക്ക് മാറ്റാൻ നിർബന്ധിതരായതാണ്. തമിഴ്നാട്ടുകാർ തെങ്ങ് കൃഷി മുതൽ എല്ലാ സാധ്യതകളും വിനിയോഗിക്കുന്നു. തെങ്ങിന്‍റെ ഓരോ ഭാഗവും അവർ മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റുന്നു. ചുരുക്കത്തിൽ കേരം തിങ്ങും കേരള നാട്ടിൽ കയർ വ്യവസായം ഏറെ വൈകാതെ അപ്രത്യക്ഷമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com