കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കും
കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്
Updated on

കൊച്ചി: രജത ജൂബിലിയോടനുബന്ധിച്ച് നൂതന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. പുതിയ പ്രൈസിങ് പോളിസി അനുസരിച്ച് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ 16% മുതല്‍ 70% വരെ വിലക്കിഴിവില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനെജിങ് ഡയറക്റ്റര്‍ എം. സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കും. കേന്ദ്രീകൃത വാങ്ങല്‍ സംവിധാനം വഴി സര്‍ജിക്കല്‍ ഉത്പനങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങി പൊതുമാര്‍ക്കറ്റിലേതിനേക്കാള്‍ 50% വിലക്കുറവില്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാരാരി ഫുഡ്സ്, റെഡ്കോ ഉത്പന്നങ്ങള്‍, തങ്കമണി സഹകരണ സൊസൈറ്റിയുടെ സ്പൈസസ് ഉത്പന്നങ്ങള്‍ എന്നിവ ത്രിവേണി ബ്രാന്‍ഡില്‍ വിപണിയിലിറക്കും.

കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച നീതി മെഡിക്കല്‍ സ്കീമിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച അങ്കമാലി അഡ്‌ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. മന്ത്രി പി. രാജീവ്, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്‍സ്യൂമര്‍ഫെഡിന്‍റെ എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ സോഫ്റ്റ്‌വെയര്‍ ലോഞ്ചിങ്ങും ഇതോടൊപ്പം നടക്കും. സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കേരളത്തിന് പുറത്ത് ത്രിവേണി ഫ്രാഞ്ചൈസികള്‍ അനുവദിക്കുമെന്നും എം. മെഹബൂബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി.എം. ഇസ്മയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.