ചെമ്പ്, അലുമിനിയം വില റെക്കോഡ് ഉയരത്തില്‍

മിഡിലീസ്റ്റിലെ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ ലോഹ വിലയില്‍ അസ്ഥിരത സൃഷ്ടിക്കാനിടയുണ്ട്
copper - aluminum
copper - aluminum

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ലോഹങ്ങളായ ചെമ്പും അലുമിനിയവും റെക്കോഡ് ഉയരത്തിലാണ്. ദൗര്‍ലഭ്യ ഭീതിയും ആഗോള ഡിമാന്റിലുണ്ടായ വര്‍ധനയുമാണ് വിലയിലെ കുതിപ്പിനു പിന്നില്‍. റഷ്യന്‍ ലോഹങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളുടെ നടപടിയും യുഎസ് പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്ക് ആസ്തികളുടെ വൈവിധ്യവല്‍ക്കരണവും വില വര്‍ധനയ്ക്കു തുണയായി.

പ്രധാന ചൈനീസ് വിപണികളില്‍ ചെമ്പിന്‍റെ വില സര്‍വ കാല റിക്കാര്‍ഡാണ്. ഉല്‍പന്ന വിപണികളില്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കൂടിയ വിലയിലാണ് വിപണനം. ഇന്ത്യന്‍ വിപണികളില്‍ അലുമിനിയം വില റെക്കാര്‍ഡുയരത്തില്‍ എത്തിയിരിക്കുന്നു. വര്‍ഷാരംഭത്തിനു ശേഷം വിലയില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ യുഎസിലും ചൈനയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വ്യാവസായിക ലോഹങ്ങളുടെ ഡിമാന്‍റില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

16 മാസം നീണ്ടു നിന്ന മരവിപ്പിനു ശേഷം മാര്‍ച്ചു മാസത്തിലാണ് യുഎസില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. പ്രതിമാസ നിര്‍മ്മാണ പദ്ധതികളുടെ എണ്ണം യുഎസില്‍ പോയ മാസം പ്രതീക്ഷിച്ച 48.4 ല്‍ നിന്ന് 50.3 ആയി ഉയരുകയുണ്ടായി. ചൈനയിലെ പിഎംഐ കണക്കുകളും സമാനമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ വളര്‍ച്ച ആറാം മാസമായ മാര്‍ച്ചില്‍ 51.1 ആണ് രേഖപ്പെടുത്തിയത്. ലോകത്തിലെ മുന്‍ നിര ഉല്‍പന്ന ഉപഭോക്തൃ രാജ്യങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുനരാരംഭിച്ചത് വ്യാവസായിക ലോഹങ്ങള്‍ക്ക് പൊതുവേയും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചെമ്പിനും അലുമിനിയത്തിനും പ്രത്യേകിച്ചും ഡിമാന്‍റ് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഓഫ് കമ്മോഡിറ്റി ഹരീഷ് വി പറഞ്ഞു.

മിഡിലീസ്റ്റിലെ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ ലോഹ വിലയില്‍ അസ്ഥിരത സൃഷ്ടിക്കാനിടയുണ്ട്. ഇറാനു നേരെ ഈയിടെ നടന്ന ഇസ്രായേലി ആക്രമണം പശ്ചിമേഷ്യയിലെ കടല്‍പ്പാതകള്‍ സുരക്ഷിതമല്ലാതാക്കിത്തീര്‍ക്കുന്നതും വ്യാവസായിക ഉല്‍പന്നങ്ങളുടെ വില വര്‍ധനയ്ക്ക് കാരണമായിത്തീരുന്നു.

യുഎസില്‍ വൈകാതെ ഉണ്ടാകുമെന്നു കരുതുന്ന പലിശ നിരക്കിളവ് ഉല്‍പന്ന വില വര്‍ധനയുടെ മറ്റൊരു കാരണമാണ്. നിരക്കിളവ് വായ്പയെടുക്കാനും ചിലവഴിക്കാനും ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രേരണ നല്‍കുന്നു. ഇത് വ്യാവസായിക വളര്‍ച്ചയ്ക്കും അതു വഴി വില വര്‍ധനയ്ക്കും ഇടയാക്കും.

വിവിധ കേന്ദ്ര ബാങ്കുകളുടെ ആസ്തി വൈവിധ്യവല്‍ക്കരണവും ഉല്‍പന്ന വിലകള്‍ ഉയത്താനിടയാക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നടത്തിയ ആസ്തി വൈവിധ്യവല്‍ക്കരണം ഡിമാന്റില്‍ വര്‍ധനയുണ്ടാക്കിയിരുന്നു.

മുന്നോട്ടു പോകുമ്പോള്‍, വിലകള്‍ റിക്കാര്‍ഡുയരത്തിലായതിനാല്‍ സാങ്കേതികമായ തിരുത്തലിനു സാധ്യത കാണുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നു തോന്നുന്നില്ല. സപ്‌ളെ-ഡിമാന്റ് സന്തുലനം വിലകള്‍ക്ക് താങ്ങാവുന്നതിനാല്‍ ഇപ്പോഴത്തെ അനുകൂല സ്ഥിതി വിശേഷം ഹ്രസ്വകാലത്തേക്കെങ്കിലും മാറ്റമില്ലാതെ തുടരും. എന്നാല്‍ ഡിമാന്‍റിനെ മറികടക്കുന്ന ഉല്‍പാദനമുണ്ടായാല്‍ ഭാവിയില്‍ വില കുറയാന്‍ അതിടയാക്കുകയും ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com