
ക്രെഡിറ്റ് ഗ്യാരന്‍റി: പത്ത് കോടി വരെ ഈടില്ലാ വായ്പ
ടി.എസ്. ചന്ദ്രന്‍
രാജ്യത്തെ വ്യവസായ മേഖല ഉറ്റു നോക്കുന്ന ഒരു പ്രധാന പദ്ധതിയാണു ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതി. ഇതിന് വലിയ പ്രാധാന്യമാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. സൂക്ഷ്മ, ചെറുകിട ഇടത്തരം, വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടാണു ക്രെഡിറ്റ് ഗ്യാരന്‍റി തുക വര്‍ധിപ്പിക്കുന്നത്.
വലിയ വർധനയാണ് ഈ പദ്ധതിയില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമനാണു ക്രെഡിറ്റ് ഗ്യാരന്‍റിയിലെ വർധന പ്രഖ്യാപിച്ചത്. അതനുസരിച്ചുള്ള ക്രെഡിറ്റ് ഗ്യാരന്‍റി കവറേജ് ഇപ്പോള്‍ 10 കോടി രൂപ വരെയാണ്. 2025 ഏപ്രില്‍ ഒന്നു മുതല്‍ ഈ വായ്പ ആനുകൂല്യം സംരംഭകര്‍ക്ക് ലഭ്യമാകും. ഇതിന് സംരംഭകര്‍ക്ക് വരുന്ന ഗ്യാരന്‍റി ചാര്‍ജ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചെറുകിട വ്യവസായ മേഖല ഏറ്റവും ശക്തമായ ഒരു തൊഴില്‍ മേഖലയാണ്. ഭാരതത്തിന്‍റെ സമ്പത്ത് വ്യവസ്ഥയുടെ രണ്ടാം എൻജിന്‍ എന്നാണ് ഈ മേഖലയെ വിശേഷിപ്പിക്കുന്നത്. വായ്പ ലഭിക്കാത്തതിന്‍റെ പേരില്‍ സംരംഭ മേഖലയ്ക്ക് തളര്‍ച്ച ഉണ്ടാവാന്‍ പാടില്ല. വായ്പയ്ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി തടസമാകാന്‍ പാടില്ല.
10 കോടി രൂപ വരെ സര്‍ക്കാര്‍ ഗ്യാരന്‍റി
പരമാവധി 5 കോടി രൂപ വരെ ആയിരുന്ന ക്രെഡിറ്റ് ഗ്യാരന്‍റി വായ്പ തുക ഇപ്പോള്‍ അത് 10 കോടിയായി ഉയര്‍ത്തിയിരിക്കുന്നു. കെട്ടിടവും ഭൂമിയും മറ്റു ആസ്തികളും സെക്യൂരിറ്റിയായി നല്‍കാന്‍ കഴിയാത്ത സംരംഭകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതി. എല്ലാത്തരം സംരംഭങ്ങള്‍ക്കും ഇപ്പോള്‍ ക്രെഡിറ്റ് ഗ്യാരന്‍റി വായ്പ ലഭിക്കും.
വ്യവസായം വാണിജ്യം, കച്ചവടം, സേവനം എന്നീ മേഖലകള്‍ക്കെല്ലാം തന്നെ ഇപ്പോള്‍ ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതി പ്രകാരം ഉള്ള ആനുകൂല്യം ലഭിക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ നിര്‍വചനത്തില്‍ വാണിജ്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഥിര ആസ്തികള്‍ സമ്പാദിക്കുന്നതിനുള്ള സമയ വായ്പയ്ക്കും അതുപോലെ തന്നെ പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. സംയുക്ത വായ്പയായും ലഭിക്കും.
ഗ്യാരന്‍റി ഫീസ് കുറച്ചു
സംരംഭകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് ഈ തീരുമാനം. ഗ്യാരന്‍റി ഫീസ് ഗണ്യമായ തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ ഒന്നിനു ശേഷം ഈ സൗകര്യം ഉപയോഗിച്ച് വായ്പയെടുക്കുന്ന സംരംഭങ്ങള്‍ക്ക് താഴെപ്പറയുന്ന ഗ്യാരന്‍റി ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.
10 ലക്ഷം വരെ - 0.37 %
10-50 - 0.55%
50-100 - 0.60 %
100-200 - 1.20 %
200-1000 - 1.25%
ഇതിനു മുകളിലുള്ള വായ്പയ്ക്ക് 1.35 % ഗ്യാരന്‍റി ഫീസ് ആണ് നല്‍കേണ്ടത്. 2% വരെ ഉണ്ടായിരുന്ന ഗ്യാരന്‍റി ഫീസ് ആണ് ഈ രീതിയില്‍ കുറച്ചത്. ഓരോ വര്‍ഷവും തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് ഇതേ നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. കൈവശമുള്ള ആസ്തികള്‍ ഈടായി കൊടുക്കുകയും ബാക്കി വരുന്ന തുകയ്ക്ക് ഗ്യാരന്‍റി സ്വീകരിക്കുകയും ചെയ്യുന്ന രീതിയില്‍ വായ്പ സ്വീകരിക്കാം എന്ന സവിശേഷതയും ഉണ്ട്.
85% വരെ ഗ്യാരന്‍റി കവറേജ്
ഈ പദ്ധതി പ്രകാരം എടുക്കുന്ന വായ്പയുടെ 85 ശതമാനം വരെ ഗ്യാരന്‍റി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. 5 ലക്ഷം രൂപ വരെയുള്ള മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പക്കും, വനിതകള്‍, എസ്‌സി /എസ്ടി സംരംഭകര്‍ പിന്നോക്ക ജില്ലക്കാര്‍, അംഗപരിമിത വിഭാഗത്തിൽപ്പെടുന്നവര്‍, ഇസഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയവര്‍, കര്‍ഷക സംരംഭങ്ങള്‍ എന്നിവര്‍ക്ക് 85% വരെ ഗ്യാരന്‍റി കവറേജ് ലഭിക്കും. മറ്റുള്ളവര്‍ക്ക് 75% തുകയ്ക്കാണു ഗ്യാരന്‍റി കവറേജ് ലഭിക്കുക.
ഇപ്രകാരം ഗ്യാരന്‍റി കവറേജ് ലഭിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വായ്പ നല്‍കുക വളരെ എളുപ്പമാണ്. സെക്യൂരിറ്റി ഡോക്യുമെന്‍റുകള്‍ ഒന്നും തന്നെ പരിശോധിക്കുകയോ വിലയിരുത്തുകയും ചെയ്യേണ്ടതില്ല. പിന്നാക്ക ജില്ലകളിലെയും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും സംരംഭങ്ങള്‍ക്ക് 80 ശതമാനം ഗ്യാരന്‍റി ലഭിക്കും. 50 ലക്ഷത്തിന് മുകളില്‍ എടുക്കുന്ന വായ്പയുടെ 75% ആണ് ഗ്യാരന്‍റിയായി ലഭിക്കുക.
സിഡ്ബിയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട ഗ്യാരന്‍റി ട്രസ്റ്റ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഇനിമേല്‍ സ്വകാര്യ/ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും എടുക്കുന്ന 10 കോടി രൂപ വരെയുള്ള വായ്പക്ക് പ്രത്യേക ഈട് നല്‍കേണ്ടതില്ല. ഇതില്‍ അംഗങ്ങളായ നോണ്‍ ബാങ്കിങ് കമ്പനികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ ക്രെഡിറ്റ് ഗ്യാരന്‍റി ട്രസ്റ്റ് ഫണ്ട് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് വിവേചന അധികാരമുണ്ട്.
വിശദവിവരങ്ങള്‍ക്ക് www.cgtmse.in സന്ദര്‍ശിക്കുക.
(സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകൻ. chandransreedaran@gmail.com)