എണ്ണവില കുറഞ്ഞു, വിപണിയിൽ മുന്നേറ്റം

തുടര്‍ച്ചയായ നാലാം ദിവസമാണ് ക്രൂഡ് ഓയില്‍ വില താഴേക്ക് നീങ്ങുന്നത്
Crude prices dip

തുടർച്ചയായ നാലാം ദിവസവും ക്രൂഡ് ഓയിലിന് വില കുറഞ്ഞു.

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ വിപണികളില്‍ ആശ്വാസ മുന്നേറ്റം. ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസേഷ്ക്യനുമായി കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധനാണെന്ന് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതാണ് പുതിയ പ്രതീക്ഷ സൃഷ്ടിക്കുന്നത്.

ഇതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ബാരലിന് 101 ഡോളറിലേക്ക് താഴ്ന്നു. അമെരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് ക്രൂഡിന്‍റെ വില 98 ഡോളറിന് താഴെയെത്തി. അമെരിക്കയുമായി സമാധാന ചര്‍ച്ചകള്‍ പുനരാംരംഭിക്കുന്നതിന് ഇറാന്‍ പ്രസിഡന്‍റ് നിബന്ധനകള്‍ മുന്നോട്ടുവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് ഇടനാഴിയിലൂടെ കൂടുതല്‍ ചരക്ക് കപ്പലുകള്‍ അമെരിക്കയുടെ സഹായത്തോടെ കടന്നുപോയതും വിതരണ രംഗത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് ക്രൂഡ് ഓയില്‍ വില താഴേക്ക് നീങ്ങുന്നത്.

എണ്ണവിലയിലെ ആശങ്കകള്‍ ഒഴിഞ്ഞതോടെ ഓഹരി വിപണിയില്‍ മികച്ച ഉണര്‍വുണ്ടായി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ബോണ്ടുകളുടെ യീൽഡ് കുറഞ്ഞതും കണക്കിലെടുത്ത് നിക്ഷേപകര്‍ വീണ്ടും ഓഹരികളിലേക്ക് പണമൊഴുക്കി. അമെരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളും തൊഴിലില്ലായ്മ നിരക്കുമാകും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക.

രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകള്‍ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്സ് 564.03 പോയിന്‍റ് കുതിപ്പോടെ 74,858.99ലെത്തി. നിഫ്റ്റി 67.90 പോയിന്‍റ് നേട്ടത്തോടെ 23,414.30ല്‍ അവസാനിച്ചു. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഫാര്‍മ, ഹെല്‍ത്ത്കെയര്‍, റിയല്‍റ്റി, എഫ്എംസിജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന മോഡില്‍ തുടരുകയാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാണ് വിപണിയിലെ കുതിപ്പിന് ആവേശം പകര്‍ന്നത്.

ആഗോള തലത്തില്‍ ഡോളര്‍ ദുര്‍ബലമായതോടെ രൂപയ്ക്ക് കരുത്തായി. രൂപ ഇന്നലെ 0.11% ഉയര്‍ന്ന് 95.81ല്‍ അവസാനിച്ചു. സ്വര്‍ണ വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4,364 ഡോളറിലെത്തി. കേരളത്തില്‍ പവന്‍ വില 920 രൂപ കുറഞ്ഞ് 1,13,960 രൂപയായി.

logo
Metro Vaartha
www.metrovaartha.com