
ബിസിനസ് ലേഖകൻ
കൊച്ചി: പെട്രോളിയം ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അപ്രതീക്ഷിതമായി ഉത്പാദനം വെട്ടിക്കുറച്ചതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയരുന്നു. ഇതോടെ നാണയപ്പെരുപ്പം നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ശ്രമങ്ങൾക്കും കടുത്ത വെല്ലുവിളി.
ഞായറാഴ്ച അറേബ്യൻ രാജ്യങ്ങളും റഷ്യ ഉൾപ്പെടെയുള്ള സഖ്യ കക്ഷികളും പ്രതിദിന എണ്ണ ഉത്പാദനത്തിൽ പ്രതിദിനം 11.6 ലക്ഷം ബാരലിന്റെ കുറവു വരുത്താനാണ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 5 ഡോളറിലധികം ഉയർന്ന് 85 ഡോളറിന് മുകളിലെത്തി. ഒരു മാസത്തിനിടെയിലെ ഉയർന്ന വിലയാണിത്.
2 മാസമായി അസംസ്കൃത എണ്ണ വില തുടർച്ചയായി താഴേക്ക് നീങ്ങുന്നതിനാൽ നാണയപ്പെരുപ്പ യുദ്ധത്തിൽ അയവ് വരുത്താൻ ഒരുങ്ങുകയായിരുന്ന അമെരിക്കയും യൂറോപ്പും ഇന്ത്യയും ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലകൾക്ക് ക്രൂഡോയിൽ വിലയിലെ കുതിപ്പ് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം തരണം ചെയ്യാൻ പഠിച്ച തന്ത്രങ്ങൾ മുഴുവൻ പയറ്റുന്ന ഈ രാജ്യങ്ങൾക്ക് ഇന്ധന വിലവർധന താങ്ങാൻ പ്രയാസമാകും.
രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഇപ്പോഴും 6 ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ മുഖ്യ പലിശ നിരക്ക് വീണ്ടും ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നതിനിടയിലാണ് ക്രൂഡ് ഓയിൽ വിപണിയും അതിസമ്മർദത്തിലേക്ക് നീങ്ങുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്കൊപ്പം ഇന്ധനത്തിനും വില കുത്തനെ കൂടുന്നതോടെ നാണയപ്പെരുപ്പം നേരിടുവാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകും.
ഏപ്രിൽ 6ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ രാജ്യത്തെ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കൂടി വർധിപ്പിക്കാൻ ഇതോടെ സാധ്യതയേറി. കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് 6 തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചിരുന്നു. പിന്നാലെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ നിരക്ക് കുത്തനെ കൂടിയതിനാൽ സാമ്പത്തിക മേഖല മാന്ദ്യ സമാന സാഹചര്യത്തിലാണ്.
പലിശ ഇനിയും കൂടിയാൽ വിപണിയിലെ പണലഭ്യത കുത്തനെ കുറയാനും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങാനിടയുണ്ടെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ധനുമായ ബിനോയ് തോമസ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി വീണ്ടും കുറച്ച് ഇന്ധന വില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അറബ് രാജ്യങ്ങളും റഷ്യയും ചേർന്ന് പ്രഖ്യാപിച്ച ഉത്പാദന നിയന്ത്രണം ആഗോള സാമ്പത്തിക രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ലോകം അതിരൂക്ഷ വിലക്കയറ്റ ഭീഷണി നേരിടുമ്പോൾ പരമാവധി ലാഭം നേടാനാണ് എണ്ണ ഉത്പാദക രാജ്യങ്ങൾ തന്ത്രം പയറ്റുന്നതെന്നും അവർ പറയുന്നു.