ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനം 2.2 ശതമാനം വർധിച്ചു

എണ്ണ വിപണിയില്‍ വിദേശ ആശ്രിതത്വം കുറയുന്നു
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനം 2.2 ശതമാനം വർധിച്ചു

ബിസിനസ് ലേഖകൻ

കൊച്ചി: അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി ഉയര്‍ന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വം കുറയുന്നു.

പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്‍റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്ത് ക്രൂഡ് ഓയില്‍ ഉത്പാദനം 2.2 ശതമാനം ഉയര്‍ന്ന് 25 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ഓയില്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് പ്രധാനമായും അസംസ്കൃത എണ്ണയുടെ ഉത്പാദനത്തില്‍ മികച്ച വളര്‍ച്ച നേടിയത്. ഇതോടെ ജൂലൈയില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി ബാധ്യതയില്‍ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പറയുന്നു.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ ക്രൂഡ് ഇറക്കുമതി 2.2 ശതമാനം കുറഞ്ഞു. ജൂലൈ മാസത്തില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡിന്‍റെയും പ്രകൃതി വാതകത്തിന്‍റെയും ഇറക്കുമതി ബില്‍ 980 കോടി ഡോളറായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ക്രൂഡ്, പ്രകൃതി വാതക ഇറക്കുമതിക്കായി ഇന്ത്യ 1580 കോടി ഡോളറാണ് മുടക്കിയിരുന്നത്.

കഴിഞ്ഞ മാസം 1020 കോടി ഡോളറിന്‍റെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി നടത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഇക്കാലയളവില്‍ 210 കോടി ഡോളറിന്‍റെ പ്രകൃതി വാതകത്തിന്‍റെ ഇറക്കുമതിയാണ് നടന്നത്. അതേസമയം ജൂലൈയില്‍ 410 കോടി ഡോളറിന്‍റെ അസംസ്കൃത എണ്ണയാണ് ഇന്ത്യ കയറ്റി അയച്ചത്.

ജൂലൈയില്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് ശരാശരി 80.37 ഡോളറായി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ക്രൂഡ് ഓയിലിന്‍റെ ശരാശരി വില 106 ഡോളറായിരുന്നു.

ആഗോള മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ അസാധാരണമായി ശക്തിയാര്‍ജിച്ചതോടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളുടെ ഭാഗമായാണ് ആഭ്യന്തര അസംസ്കൃത എണ്ണയുടെ ഉത്പാദനത്തില്‍ മികച്ച വർധന ദൃശ്യമാകുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. റഷ്യയില്‍ നിന്നും മികച്ച വില ഇളവോടെ ക്രൂഡ് ഓയില്‍ വാങ്ങി കൂട്ടിയതിനൊപ്പം ആഭ്യന്തര ഉത്പാദനം കൂടി വർധിച്ചതോടെ ഇന്ത്യയുടെ വ്യാപാര കമ്മി മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com