കറന്‍സി തന്നെ വേണം

Currency usage by Indian users is increasing exponentially
Indian RupeeRepresentative image

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ ഉപയോക്താക്കളുടെ കറന്‍സി ഉപയോഗം ഗണ്യമായി കൂടുന്നു. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ വിപ്ലവകരമായ വർധനയുണ്ടാകുന്നുണ്ടെങ്കിലും ഓഫ്‌ലൈന്‍ വ്യാപാരങ്ങളില്‍ ഉപയോക്താക്കള്‍ കറന്‍സി നോട്ടുകള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫോണുകള്‍, സ്വര്‍ണം, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ വാങ്ങുമ്പോള്‍ രണ്ട് ലക്ഷം രൂപ വരെ നോട്ടുകളായാണ് ഉപയോക്താക്കളില്‍ നല്ല ശതമാനവും നല്‍കുന്നത്. പ്രതിദിനം വ്യാപാര ഇടപാടുകളില്‍ കറന്‍സിയായി പരമാവധി നല്‍കാവുന്ന തുക രണ്ട് ലക്ഷമായാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ കുറവാണ്.

റിസര്‍വ് ബാങ്കിന്‍റെ കണക്കുകളനിസരിച്ച് "ക്യാഷ് ഇന്‍ സര്‍ക്കുലേഷന്‍" (വിപണിയിലെ പണലഭ്യത) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. ക്യാഷ് ഇന്‍ സര്‍ക്കുലേഷന്‍ 2017 മാര്‍ച്ചില്‍ 13.15 ലക്ഷം കോടി രൂപയായിരുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ ഇരട്ടിയിലധികം ഉയര്‍ന്ന് 35.15 ലക്ഷം കോടിയിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രമുഖ ഫോണ്‍ നിർമാതാക്കളായ ആപ്പിള്‍ നേരിട്ട് നടത്തുന്ന രണ്ട് സ്റ്റോറുകളിലും ക്യാഷ് ഇടപാടുകളുടെ എണ്ണം കുത്തനെ കൂടിയതോടെ നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ വാങ്ങി. ആപ്പിളിന്‍റെ മുംബൈ, ന്യൂഡല്‍ഹി സ്റ്റോറുകളിലെ വിൽപ്പനയില്‍ പത്ത് ശതമാനത്തിനടുത്ത് ക്യാഷ് ഇടപാടുകളാണ്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇത് ഒരു ശതമാനത്തില്‍ താഴെയാണ്.

മേഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ലക്ഷ്വറി വാഹനങ്ങള്‍ വാങ്ങുന്നവര്‍ വരെ രണ്ട് ലക്ഷം രൂപ പണമായി നല്‍കി ബാക്കി തുക ചെക്കോ ഡിഡിയോ മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളിലൂടെയോ കൈമാറുന്ന രീതിയാണ് സ്വീകരിക്കുന്നത്.

ഇതോടൊപ്പം ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും അസാധാരണമായ കുതിപ്പാണുണ്ടാകുന്നത്. യുണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉപയോഗിച്ചുള്ള പേയ്മെന്‍റുകള്‍ 2017 ഏപ്രിലില്‍ 2,425 കോടി രൂപ മാത്രമായിരുന്നു. ഇത്തവണ മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 19.64 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com