ഓഹരി വിപണിയിലും ഡീപ്‌സീക്ക് തരംഗം

ഒറ്റ ദിവസം കൊണ്ട് എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ 60,000 കോടി ഡോളറിന്‍റെ ഇടിവാണുണ്ടായത്.
Deepseek wave in the stock market
ഓഹരി വിപണിയിലും ഡീപ്‌സീക്ക് തരംഗം
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ചൈനയുടെ പുതിയ നിര്‍മിതബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്സീക്ക് എത്തിയതോടെ ലോകമെമ്പാടുമുള്ള ടെക്നോളജി കമ്പനികളുടെ ഓഹരി വില തകര്‍ന്നടിഞ്ഞു. ആഗോള കമ്പനികളായ എന്‍വിഡിയ, ഓപ്പണ്‍ എഐ, മെറ്റ, ഗൂഗ്ള്‍ എന്നിവയുടെയെല്ലാം ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ന്നടിഞ്ഞു.

ഡീപ്സീക്കിന് മികച്ച പ്രതികരണത്തിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ എന്‍വിഡിയയുടെ ഓഹരി വില തിങ്കളാഴ്ച തകര്‍ന്നടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ 60,000 കോടി ഡോളറിന്‍റെ ഇടിവാണുണ്ടായത്. ചരിത്രത്തിലാദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും വലിയ തകര്‍ച്ചയുണ്ടാകുന്നത്. യൂറോപ്പിലെയും ജപ്പാനിലെയും അമെരിക്കയിലെയും ഓഹരി വിപണികള്‍ കനത്ത വിൽപ്പന സമ്മര്‍ദമാണ് നേരിട്ടത്. എന്നാല്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ പണ ലഭ്യത വർധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി തിരിച്ചുകയറി.

കുറഞ്ഞ ചെലവില്‍ വികസിപ്പിച്ച് ആഗോള വിപണിയില്‍ അവതരിപ്പിച്ച നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്സീക്കിന്‍റെ കുതിപ്പാണ് ആഗോള ടെക്ക് ഭീമന്മാര്‍ക്ക് വെല്ലുവിളിയാകുന്നത്. ലോകത്തിലെ മുന്‍നിര കമ്പനികളായ യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ടെക്നോളജി കമ്പനികളുടെ ഓഹരികളിലും കനത്ത വിലത്തകര്‍ച്ചയുണ്ടായി. ചൈനയും യുഎസും തമ്മിലുള്ള സാങ്കേതികവിദ്യ യുദ്ധമായാണ് നിക്ഷേപകര്‍ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നത്. ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധം നേരിടാന്‍ ചൈന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്. ടെക് കമ്പനികളുടെ യാഥാർഥ്യബോധമില്ലാത്ത മൂല്യവും വിപണികളിലെ അമെരിക്കന്‍ അപ്രമാധിത്വവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഡീപ്സീക്കിന്‍റെ വരവോടെ ലോകമെമ്പാടുമുള്ള കമ്പനികള്‍ നിർമിതബുദ്ധിയില്‍ വലിയ നിക്ഷേപം നടത്തുന്നതില്‍ പുനര്‍വിചിന്തനം നടത്തുകയാണ്. വന്‍കിട ടെക് ഭീമന്മാര്‍ ഓരോ വര്‍ഷവും നടത്തുന്ന നിക്ഷേപത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് ഡീപ്സീക്ക് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ഡീപ്സീക്കിന്‍റെ നിർമാണ ചെലവ് 58 ലക്ഷം ഡോളറാണ്. ആഗോള വിപണിയെ പിടിച്ചുകുലുക്കിയ ഡീപ്സീക്കിന് ഇന്ത്യയിലും ഉപയോക്താക്കള്‍ കൂടുകയാണ്. ആപ്പിളിന്‍റെ ഐഒഎസില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡാണ് ഡീപ്സീക്ക് നേടിയത്. ചാറ്റ്ജിപിടി, ജെമിനി എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഡീപ്സീക്ക് കുതിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com