ഡോളറിന്‍റെ മൂല്യം ഇടിയുന്നു

ഡോളറിന്‍റെ മൂല്യം രണ്ടു മാസത്തെ താഴ്ന്ന നിരക്കിൽ. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഡോളർ ഉപയോഗിച്ചുള്ള വ്യാപാരങ്ങൾക്ക് ബദൽ തേടുന്നത് ആഗോള കറൻസിക്ക് തിരിച്ചടി.
Dollar falls to 2-month lowest value
Dollar falls to 2-month lowest valueImage by Freepik

ബിസിനസ് ലേഖകൻ

കൊച്ചി: ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി ഒഴിവാകുന്നതിനാല്‍ ധന നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷ ഡോളറിന് വിനയാകുന്നു. തിങ്കളാഴ്ചത്തെ വിനിമയ നിരക്കനുസരിച്ച് ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം രണ്ടു മാസത്തെ താഴ്ന്ന നിരക്കിലെത്തി. വിലക്കയറ്റ ഭീതി ഒഴിവായതിനാല്‍ അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷമാദ്യം പലിശ നിരക്കുകളില്‍ കുറവു വരുത്തിയേക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഡോളര്‍ വിറ്റുമാറുകയാണ്.

ഇന്ത്യയും ചൈനയും മുതല്‍ ലാറ്റിന്‍ അമെരിക്കന്‍ രാജ്യങ്ങളും അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളും വരെ ഡോളര്‍ ഉപയോഗിച്ചുള്ള വ്യാപാരങ്ങള്‍ക്ക് ബദല്‍ മാര്‍ഗം തേടുന്നതും ഡോളറിന് വിനയായേക്കും. ഡോളറിന്‍റെ മൂല്യത്തിലുണ്ടായ കനത്ത വർധന താങ്ങാനാവാത്തതിനാല്‍ പല വികസ്വര രാജ്യങ്ങളും വിദേശ നാണയ ശേഖരത്തില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ബദല്‍ ആസ്തികള്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ്.

കൊവിഡ് വ്യാപനവും റഷ്യയുടെ നാണയപ്പെരുപ്പം അപകടകരമായി കൂടിയതോടെ അമെരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി വായ്പാ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ കഴിഞ്ഞമാസം ഡോളറിന്‍റെ മൂല്യം റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ഇതോടെ ഉഭയകക്ഷി വ്യാപാരത്തിലും വിദേശ നാണയ ശേഖരത്തിലും അമെരിക്കന്‍ ഡോളര്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അധിക ബാധ്യത താങ്ങാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല രാജ്യങ്ങളും ഏറെ വിഷമം നേരിട്ടതോടെയാണ് പുതിയ സാധ്യതകള്‍ ആലോചിച്ചു തുടങ്ങിയത്.

ഇതിനിടെ റഷ്യയ്ക്കെതിരെ അമെരിക്കയും യൂറോപ്യന്‍ യൂണിയനും അടങ്ങുന്ന സഖ്യകക്ഷികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഡോളര്‍ ഒഴിവാക്കി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിട്ട് റഷ്യയില്‍ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉത്പന്നങ്ങളും വാങ്ങിത്തുടങ്ങി. ഇതിനു പിന്നാലെ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് പ്രാദേശിക നാണയങ്ങള്‍ ഉപയോഗിച്ച് ബൈ ലാറ്ററല്‍ വ്യാപാരം നടത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇന്തൊനേഷ്യയും ബ്രസീലും നൈജീരിയയും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് വ്യാപാരം നടത്താനാണ് ഇപ്പോള്‍ താത്പര്യപ്പെടുന്നത്.

ആഗോള നാണയമായി ഇന്ത്യന്‍ രൂപയെ മാറ്റാനുള്ള റിസര്‍വ് ബാങ്കിന്‍റെ ശ്രമങ്ങള്‍ സാവധാനത്തില്‍ വിജയിക്കുകയാണെന്ന് ധനകാര്യ മേഖലയിലുള്ളവര്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com