
മുംബൈ: മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സംരംഭമായ ബൈജൂസിന്‍റെ 1400 കോടിയുടെ കടം വീട്ടി ഡോ. രഞ്ജൻ പൈ. ബൈജൂസിന്‍റെ ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്നാണ് ഈ തുക നിക്ഷേപിച്ചത്.
ഇതോടെ, അമെരിക്കന്‍ ധനകാര്യ സ്ഥാപനമായ ഡേവിഡ്സണ്‍ കെംപ്നര്‍ ക്യാപിറ്റല്‍ മാനെജ്മെന്‍റിനുള്ള കടം വീട്ടാനും ബൈജൂസിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേവിഡ്സണ്‍ കെംപ്നറിന് കൈമാറിയ 1,400 കോടി രൂപയില്‍ 800 കോടി രൂപ വായ്പയുടെ മുതലും 600 കോടി രൂപ പലിശയുമാണ്. നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചനകള്‍. ഡേവിഡ്സണ്‍ കെംപ്നറുമായുള്ള ഉഭയകക്ഷി കടംവീട്ടല്‍ കരാറിലൂടെയാണ് ശതകോടീശ്വരന്‍ ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തിയത്.
ഡോ. പൈ നിക്ഷേപം നടത്തുന്നത് നേരിട്ട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും. ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണുമായി നിക്ഷേപത്തിന് ബന്ധമുണ്ടാകില്ല. ആകാശില്‍ രണ്ട് ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. പുറമേ, അദ്ദേഹവും ബോര്‍ഡിലേക്ക് എത്തിയേക്കും. നിലവില്‍ ആകാശിന്‍റെ ബോര്‍ഡിലുള്ള ഡേവിഡ്സണ്‍ കെംപ്നറിന്‍റെ രണ്ട് അംഗങ്ങള്‍ ഒഴിവാകും. ആകാശില്‍ 15-20 ശതമാനം ഓഹരി പങ്കാളിത്തമാണ് കെംപ്നറിനുണ്ടായിരുന്നത്. ഇതാണ് ഡോ. പൈക്ക് കൈമാറുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആകാശിന്‍റെ പ്രമോട്ടര്‍ ഓഹരികള്‍ കൂടി ഡോ. പൈ വാങ്ങുമെന്നാണ് സൂചനകള്‍.
ആകാശില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച മറ്റൊരു നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്‍റെ ഓഹരികളും ഡോ. രഞ്ജന്‍ പൈ വാങ്ങിയേക്കും. അതോടെ അദ്ദേഹത്തിന് ആകാശില്‍ മൊത്തം 30 ശതമാനം ഓഹരി പങ്കാളിത്തമാകും. പ്രമോട്ടര്‍മാരായ ചൗധരിക്കും കുടുംബത്തിനും 18-20 ശതമാനം ഓഹരി പങ്കാളിത്തം ആകാശിലുണ്ട്. ഇതിന്‍റെ പാതിയോളമാകും ഡോ. പൈയ്ക്ക് ചൗധരി കൈമാറുക. അതോടെ മുഖ്യ പ്രമോട്ടര്‍മാരായ ടിഎല്‍പിഎല്ലിന് 51%, ബൈജു രവീന്ദ്രന് 8-10%, ചൗധരിക്ക് 9-10%, ബാക്കി ഡോ. പൈക്ക് എന്നിങ്ങനെയാകും ആകാശിലെ ഓഹരി പങ്കാളിത്തം.