
അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ച് ദുബായ് കിരീടാവകാശി
ദുബായ്: യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചു. വിവിധ രാജ്യങ്ങൾ അവരുടെ ടൂറിസവും യാത്രാ ഓഫറുകളും ഹോസ്പിറ്റാലിറ്റി സേവനങ്ങളും പ്രദർശിപ്പിക്കുന്ന നിരവധി അന്താരാഷ്ട്ര പവലിയനുകൾ ഷെയ്ഖ് ഹംദാൻ സന്ദർശിച്ചു.
ആഗോള ടൂറിസം കലണ്ടറിലെ പ്രധാന പരിപാടിയായി അറേബ്യൻ ട്രാവൽ മാർക്കറ്റ് മാറിയെന്നും, ആഗോള വിപണികളെ ബന്ധിപ്പിക്കുന്നതിലും ആഗോള യാത്രയുടെ ഭാവി രൂപപ്പെടുത്തുന്നതിലും യുഎഇയുടെ പങ്ക് ഈ വർഷത്തെ എ.ടി.എം പ്രതിഫലിപ്പിക്കുന്നുവെന്നുംഷെയ്ഖ് ഹംദാൻ പറഞ്ഞു.
''നിക്ഷേപം ആകർഷിക്കുന്നതിലും, വിജ്ഞാന കൈമാറ്റം സാധ്യമാക്കുന്നതിലും, വിവിധ വ്യവസായങ്ങളിൽ ഉയർന്ന മൂല്യമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രദർശനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു''-ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും ദുബായ് എയർപോർട്ട്‌സ്-എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, യുഎഇ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്-ഡിജിറ്റൽ ഇക്കണോമി-റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹ മന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, ദുബായ് ഡിപാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് ഖൽഫാൻ അൽ മർറി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽമർറി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഈ വർഷത്തെ എടിഎമ്മിൽ അന്താരാഷ്ട്ര പ്രദർശക പങ്കാളിത്തത്തിൽ ഗണ്യമായ വർധനയുണ്ട്. ഏഷ്യയിൽ നിന്ന് 20%, മിഡിൽ ഈസ്റ്റിൽ നിന്ന് 15%, യൂറോപ്പിൽ നിന്ന് 12%എന്നിങ്ങനെയാണ് വർധന.
'ഗ്ലോബൽ ട്രാവൽ: ഡെവലപ്പിംഗ് ടുമാറോസ് ടൂറിസം ത്രൂ എൻഹാൻസ്ഡ് കണക്റ്റിവിറ്റി' എന്ന പ്രമേയത്തിലാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എടിഎംൽ, 161 രാജ്യങ്ങളിൽ നിന്നുള്ള 2,800 പ്രദർശകർ പങ്കെടുക്കുന്നുണ്ട് .