സ്വർണത്തിന് ഇനി മുതൽ ഇ-വേ ബിൽ നിർബന്ധം

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജിഎസ്ടി വകുപ്പ്
E-Way bill mandatory for gold
സ്വർണത്തിന് ഇനി മുതൽ ഇ-വേ ബിൽ നിർബന്ധംFreepik
Updated on

കൊച്ചി: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജനുവരി 1 മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി 9ന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ അറിയിച്ചിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാക്കുന്നത്.

ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് പുറത്തിറക്കിയത്. വില്‍പ്പനയ്ക്കും അല്ലാതെയും അണ്‍രജിസ്റ്റേഡ് വ്യക്തികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുണ്ടെങ്കില്‍ ഇ-വേ ബില്‍ വേണമെന്നാണ് നിയമം.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ (10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ളത്), വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് ട്രാന്‍സ്ഫര്‍, പ്രദര്‍ശനം തുടങ്ങിയവയുടെ ഭാഗമായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇവേ ബില്‍ എടുക്കണം. കൊണ്ടു പോകുന്ന സ്വര്‍ണത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ കാണിച്ചാണ് ബില്‍ എടുക്കേണ്ടത്.

എന്നാല്‍, സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കുന്നതില്‍ ഒട്ടേറെ അവ്യക്തത നിലനില്‍ക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് നിവേദനം നല്‍കിയിരുന്നു. എന്തൊക്കെ ആവശ്യങ്ങള്‍ക്ക് പോകുമ്പോഴാണ് ഇ-വേ ബില്‍ ആവശ്യമെന്നു വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴും വ്യാപാരികള്‍ ഉന്നയിച്ച ഒരു ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നിർദേശത്തിൽ ഇല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com