

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന്‍റെ പുതിയ ആഗോള കോര്‍പ്പറേറ്റ് ആസ്ഥാനം ദുബായ് ഗര്‍ഹൂദ് ബിസിനസ് സെന്‍ററില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
ദുബായ്: ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കോണ്‍ഗ്ലമറേറ്റായ ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന്‍റെ പുതിയ ആഗോള കോര്‍പ്പറേറ്റ് ആസ്ഥാനം ദുബായ് ഗര്‍ഹൂദ് ബിസിനസ് സെന്‍ററില്‍ പ്രവർത്തനം തുടങ്ങി. ഗ്രൂപ്പിന്‍റെ ഇരുപതാം വാര്‍ഷിക വേളയിൽ പ്രവര്‍ത്തനമാരംഭിച്ച അത്യാധുനിക ഓഫിസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യൂണിലിവര്‍ അറേബ്യ മുന്‍ മേധാവി ഖലീല്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സമീര്‍ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്‍റ് ഫഹദ് ബിന്‍ സഊദ് അല്‍ തൈജ്‌റി, ഗ്രൂപ്പ് ഡയറക്ടര്‍ അലി മുഹമ്മദ് സിദ്ധീഖ് അല്‍ സംതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2006-ൽ സൗദിയിലെ ജിദ്ദയിൽ എഫ്.എം.സി.ജി. മൊത്ത വിതരണക്കാരായി തുടങ്ങിയ ട്രസ് ഹോൾഡിങ്സ്, ഇന്ന് ഒരു ബില്യൺ യു.എസ്. ഡോളര്‍ വാർഷിക വരുമാനമുള്ള വൻകിട ഗ്രൂപ്പാണ്. നിലവിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമടക്കം 7 രാജ്യങ്ങളിലായി 12 കമ്പനികൾ ഗ്രൂപ്പിന് കീഴിലുണ്ട്. വാണിജ്യം, വിതരണം, ലോജിസ്റ്റിക്‌സ് ഉൾപ്പെടെ അഞ്ച് പ്രധാന മേഖലകളിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
ആയിരത്തിലധികം ബ്രാൻഡുകളുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിന്, അയ്യായിരത്തിലധികം ബിസിനസ് ഉപയോക്താക്കളും ദശലക്ഷം ചതുരശ്രയടിയിലുള്ള സംഭരണ സൗകര്യവുമുണ്ട്. രാജ്യാതിർത്തികൾ കടന്നുള്ള ബിസിനസ് ഏകോപനത്തിനും സാങ്കേതിക മുന്നേറ്റത്തിനും സുസ്ഥിര വികസനത്തിനുമുള്ള ആസ്ഥാനമായി ദുബായിലെ പുതിയ കോർപ്പറേറ്റ് ഓഫീസ് മാറുമെന്ന് എം.ഡി. സമീർ പറവട്ടി വ്യക്തമാക്കി.