Symbolic image for entrepreneurship
Symbolic image for entrepreneurship

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ തുടങ്ങും

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 25 വരെ ശില്‍പ്പശാലകള്‍ നടത്തും

തിരുവനന്തപുരം: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാംപെയ്‌ന്‍ സംഘടിപ്പിക്കുന്നു.

വ്യവസായ വകുപ്പിന്‍റെ സേവനങ്ങളും പദ്ധതികളും സംരംഭകരിലേക്കും ജനങ്ങളിലേക്കും സമയബന്ധിതമായി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ക്യാംപെയ്‌ന്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും 25 വരെ ഏകദിന ശിൽപ്പശാലകള്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സംരംഭകത്വ വികസന എക്സിക്യൂട്ടിവുകള്‍ (ഇഡിഇ) ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും. സര്‍ക്കാരിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് ഇഡിഇമാര്‍ ക്ലാസെടുക്കും.

സംരംഭകത്വവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും സംരംഭകത്വ വികസനത്തിന് സര്‍ക്കാര്‍ നൽകുന്ന പിന്തുണയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകുന്ന ആദ്യ സംരംഭങ്ങളിലൊന്നാണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രാദേശികതലത്തില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമ്പദ്‌‌വ്യവസ്ഥയും തൊഴിലവസരവും വര്‍ധിപ്പിക്കാനും ഇത് സഹായകമാകും.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വ്യവസായവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംരംഭകരെ അറിയിക്കുക, സംരംഭകത്വ പ്രോത്സാഹനത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് സ്വീകരിച്ച മികച്ച മാതൃകകളെക്കുറിച്ച് ബോധവത്കരിക്കുക, ഫീല്‍ഡ് തലത്തില്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളും ആവശ്യങ്ങളും മനസിലാക്കുക, സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, നയങ്ങളും പദ്ധതികളും രൂപീകരിക്കാനായി സംരംഭകരുടെ വിലയിരുത്തല്‍ ലഭ്യമാക്കുക, സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഫോറങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ ക്യാംപെയ്‌നിന്‍റെ ലക്ഷ്യങ്ങളാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, നിലവിലുള്ള സംരംഭകര്‍, സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ശിൽപ്പശാലയില്‍ പങ്കെടുക്കാം. ശിൽപ്പശാലയില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തിയുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ വ്യവസായ വകുപ്പിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കും. സംസ്ഥാനത്ത് മികച്ച സംരംഭക അന്തരീക്ഷം സൃഷ്ടിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് ക്യാപെയ്‌ന്‍ ആക്കം കൂട്ടും. സംരംഭകവര്‍ഷം പദ്ധതി, ഒരു തദ്ദേശസ്ഥാപനം ഒരു ഉത്പന്നം പദ്ധതി, പിപിപി പദ്ധതി തുടങ്ങിയവ ഇതില്‍ ശ്രദ്ധേയമാണ്.

സംരംഭകവര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ അടുത്ത മാസം വിതരണം ചെയ്യും. സംരംഭകവര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി തദ്ദേശതലത്തില്‍ രൂപീകരിച്ച സംരംഭങ്ങളുടെയും സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെയും എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാര്‍ക്കുകളുടെ വിവരങ്ങള്‍, മറ്റു സ്കീമുകളുടെ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ മാനദണ്ഡമാക്കിയാണ് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com