
കൊച്ചി: രാജ്യാന്തര രംഗത്ത് അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിലും താഴെയെത്തിയതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇന്ധന നികുതി വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിയുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കാത്ത വിധത്തില്‍ എക്സൈസ് നികുതിയില്‍ കുറവ് വരുത്താനിടയുണ്ടെന്ന് പെട്രോളിയം മേഖലയിലുള്ളവര്‍ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി ക്രൂഡ് ഓയില്‍ വില 90 ഡോളറിന് മുകളിലെത്തിയതോടെ എണ്ണക്കമ്പനികൾ കടുത്ത പരീക്ഷണമാണ് നേരിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ നടപടികള്‍ ഉണ്ടാകുമെന്നാണ് ധനകാര്യ ഗവേഷണ സ്ഥാനങ്ങളും പ്രതീക്ഷിക്കുന്നത്.
ഒന്നര വര്‍ഷക്കാലമായി ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയ പ്രധാന ഇന്ധനങ്ങളുടെ വിലയില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ തയാറായിട്ടില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാതിരുന്നതിനാൽ കമ്പനികള്‍ കടുത്ത നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ എണ്ണക്കമ്പനികളെല്ലാം റെക്കോഡ് ലാഭം നേടിയ പശ്ചാത്തലത്തില്‍ വിപണി ബന്ധിത വില നിയന്ത്രണ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. രാജ്യം വീണ്ടും അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിലൂടെ നീങ്ങുന്നതിനാല്‍ ഇന്ധന വില ഗണ്യമായി കുറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് രണ്ട് ഡോളറിന് അടുത്താണ് കുറഞ്ഞത്. സിംഗപ്പൂര്‍ അവധി വ്യാപാരത്തില്‍ ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് ഇന്നലെ 1.91 ഡോളര്‍ കുറഞ്ഞ് 79 ഡോളറായി. അമെരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ ഇനിയും കൂടാന്‍ ഇടയില്ലെന്ന് സൂചിപ്പിച്ചതിനാല്‍ എണ്ണവില വീണ്ടും കുറയാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് നികുതിയില്‍ കുറവു വരുത്തിയിരുന്നു. ഇതോടൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന നികുതിയിലും കുറവ് വരുത്തിയിരുന്നു.