

അമെരിക്കൻ തീരുവയെയും മറി കടന്ന് ഇന്ത്യയുടെ കുതിച്ചു ചാട്ടം
symbolic
ന്യൂഡൽഹി: അമെരിക്ക ഇന്ത്യയ്ക്കെതിരെ ഏർപ്പെടുത്തിയ തിരിച്ചടി തീരുവയ്ക്കും ഇന്ത്യയുടെ വളർച്ചയെ പിടിച്ചു നിർത്താനോ പ്രതിരോധത്തിൽ ആക്കാനോ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്. അമെരിക്ക 50 ശതമാനം തീരുവ ഈടാക്കിയിട്ടും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്‍റെ ജിഡിപി വളർച്ചാ നിരക്കിൽ കാര്യമായ കുതിപ്പാണ് ഉണ്ടാവുകയെന്ന് ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ പ്രവചിക്കുന്നു.
കേന്ദ്രം നവംബർ 26നാണ് ജിഡിപി വളർച്ചാ റിപ്പോർട്ട് പുറത്തു വിടുന്നത്. മൂന്നു മാസ കാലയളവിൽ 7.5 ശതമാനം വളർച്ചാ നിരക്കാവും ഉണ്ടാകുകയെന്ന് പ്രധാന ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. എസ് ബിഐ റിസർച്ച് പ്രവചന പ്രകാരം ലോകത്തിലെ ഏറ്റവും വളർച്ചാ നിരക്കുള്ള സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കും. റോയിട്ടേഴ്സിന്‍റെ പ്രവചനം 7.3 ശതമാനം വളർച്ചാ നിരക്ക് എന്നാണ്. റിസർവ് ബാങ്കിന്‍റെ വിലയിരുത്തൽ ആകട്ടെ ഏഴു ശതമാനത്തിൽ കൂടുതൽ എന്നാണ്.
ഒന്നാം പാദമായ ഏപ്രിൽ-ജൂൺ കാലഘട്ടത്തിൽ 7.8 ശതമാനമായിരുന്നു വളർച്ച. ഓഗസ്റ്റ് മുതലാണ് തിരിച്ചടി തീരുവ 50 ശതമാനം ആയി അമെരിക്കയുടെ തീരുവ ഇന്ത്യയെ ബാധിച്ചത്. കയറ്റുമതി മേഖല ഉലഞ്ഞെങ്കിലും ആഭ്യന്തര വിപണിയുടെ കരുത്ത് ഇന്ത്യയ്ക്ക് ശക്തി പകർന്നു. സമയോചിതമായ ജിഎസ് ടി വെട്ടിക്കുറച്ച തീരുമാനം ഉപഭോക്തൃ ഡിമാന്‍ഡ് കുതിക്കാൻ സഹായിച്ചു. കാർഷിക ഉൽപാദനം മെച്ചപ്പെട്ടതും സമ്പദ് വളർച്ചയ്ക്ക് കരുത്തായി.
2025 അവസാനിക്കുന്നതിനു മുമ്പ് അമെരിക്കയുമായുള്ള വ്യാപാരക്കരാർ കൂടി വരുന്നതോടെ കൂടുതൽ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. യുഎസിനു പുറമേ യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി കരാർ ആവുന്നതോടെ വളർച്ച അതിവേഗമാകും.