സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമായ പദ്ധതിയൊരുക്കാൻ  ഫെഡറല്‍ ബാങ്കും മൈൻഡ്എസ്കേപ്പും സ്റ്റാര്‍ട്ടപ്പ് ടിഎന്നുമായി ധാരണയിൽ

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമായ പദ്ധതിയൊരുക്കാൻ ഫെഡറല്‍ ബാങ്കും മൈൻഡ്എസ്കേപ്പും സ്റ്റാര്‍ട്ടപ്പ് ടിഎന്നുമായി ധാരണയിൽ

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങൾ നേരിടുന്ന ഗൗരവ പ്രശ്‌നങ്ങള്‍ക്ക് മൂന്ന് സ്ഥാപനങ്ങളും സംയുക്തമായി ഒപ്പുവച്ച ധാരണാ പത്രത്തിലൂടെ പരിഹാരമാകും.

ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഈടുരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നോഡല്‍ ഏജന്‍സിയായ തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് ആന്റ് ഇന്നൊവേഷന്‍ മിഷന്‍ (സ്റ്റാര്‍ട്ടപ്പ് ടിഎന്‍), നീലഗിരി ആസ്ഥാനമായ മൈന്‍ഡ്എസ്‌കേപ്സ് ഇനൊവേഷന്‍ സെന്റര്‍ എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ സഹകരണം വഴി തമിഴ്‌നാട്ടിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് സാമ്പത്തിക പിന്തുണ നല്‍കും.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങൾ നേരിടുന്ന ഗൗരവ പ്രശ്‌നങ്ങള്‍ക്ക് മൂന്ന് സ്ഥാപനങ്ങളും സംയുക്തമായി ഒപ്പുവച്ച ധാരണാ പത്രത്തിലൂടെ പരിഹാരമാകും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട നൂതനാശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സുസ്ഥിരതയ്ക്കു വേണ്ടി നിക്ഷേപങ്ങളും വായ്പകളും നേടിയെടുക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാൽ പുതിയ സഹകരണം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായകമാകും.

സ്റ്റാര്‍ട്ടപ്പ് ടിഎന്‍ ആണ് ഫണ്ടിന് അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. പങ്കാളികളുമായി ചേര്‍ന്ന് മൈന്‍ഡ്എസ്‌കേപ്സ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ക്യൂറേറ്റഡ് സെഷനുകള്‍ മുഖേന ഈ സംരംഭങ്ങള്‍ക്ക് തങ്ങളുടെ ആശയം അവതരിപ്പിക്കാം. ഇതുവഴി ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പകളും ഗ്രാന്റുകളും സ്വീകരിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ആവശ്യമായ വിഭവങ്ങളും സഹായങ്ങളും പിന്തുണയും ഇതുവഴി ലഭിക്കുന്നു.

"അവസരങ്ങളെ ഉപയോഗപ്പെടുത്താനും വളരാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് സ്റ്റാര്‍ട്ടപ്പ് ടിഎന്നുമായുള്ള ഈ പങ്കാളിത്തം," ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഈ പങ്കാളിത്തം സഹായിക്കും. എല്ലാ മേഖലകളിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"മൂലധനം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ലഭ്യമാക്കി സ്റ്റാര്‍ട്ടപ്പുകളെയും അവരുടെ ബിസിനസിനേയും പുതിയ ഉയരങ്ങളിലെത്തിക്കാനും സംസ്ഥാനത്ത് കൂടുതല്‍ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഫെഡറല്‍ ബാങ്കും മൈന്‍ഡ്എസ്‌കേപ്സുമായുള്ള സഹകരണം സഹായിക്കും," സ്റ്റാര്‍ട്ടപ്പ് ടിഎന്‍ മിഷന്‍ ഡയറക്ടറും സിഇഒയുമായ ശിവരാജ രാമനാഥന്‍ പറഞ്ഞു.

"സ്റ്റാർട്ടപ്പുകളുടെ വിജയത്തിന് സഹായമാകുന്നവിധത്തിൽ സ്റ്റാർട്ടപ്പ് ടിഎന്നും ഫെഡറൽ ബാങ്കുമായി ധാരണയിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഈ ലക്ഷ്യത്തിലേക്കായി കെ പി എം ജി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഞങ്ങളുമായി സഹകരിക്കുന്നത്". മൈൻഡ് എസ്കേപ് സ്ഥാപക ശ്രീമതി ദിപാലി സിക്കന്ത് പറഞ്ഞു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com