
ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ കാര്‍ഷിക മേഖല മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതോടെ രാസവളങ്ങളുടെ ഇറക്കുമതി കുത്തനെ കൂടുന്നു. ലോകത്തിന്റെ ഭക്ഷ്യ ഹബായി മാറാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം കല്‍ക്കരിയുടെ ലഭ്യതയും വിലയും ഗണ്യമായി വർധിച്ചതോടെ ആഭ്യന്തര കമ്പനികള്‍ രാസവളം ഉത്പാദനത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതും ഇറക്കുമതി ഉയരാന്‍ കാരണമായി. കഴിഞ്ഞ രണ്ട് വര്‍ഷമായി രാസവളത്തിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം ക്രമേണ വര്‍ധിക്കുകയാണെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാലവസ്ഥയിലുണ്ടായ വ്യതിയാനവും കാര്‍ഷിക രംഗത്തുണ്ടായ ഉണര്‍വും രാസവളങ്ങളുടെ ഡിമാന്‍ഡ് കൂടാന്‍ കാരണമായെന്ന് അവര്‍ പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള 11 മാസക്കാലയളവില്‍ 3419 ലക്ഷം ടണ്‍ വളമാണ് റഷ്യയില്‍ നിന്ന് മാത്രം ഇന്ത്യ ഇറക്കുമതി നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റഷ്യയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന വളം ഇറക്കുമതിയാണിത്. യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ലാഭകരമായി വളം ഇറക്കുമതിക്ക് അവസരമൊരുങ്ങിയെന്നാണ് വിലയിരുത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ റഷ്യയില്‍ നിന്നുള്ള യൂറിയ ഇറക്കുമതി മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നു. ഇക്കാലയളവില്‍ 6.26 ലക്ഷം ടണ്‍ യൂറിയയാണ് റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2.8 ലക്ഷം ടണ്‍ യൂറിയ ഇറക്കുമതിയാണുണ്ടായിരുന്നത്.
ഇതോടൊപ്പം ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് പൊട്ടാഷ്, എന്‍പികെ മിശ്രിതം തുടങ്ങിയവയും ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ റഷ്യയില്‍ നിന്നും വാങ്ങി. നടപ്പു വര്‍ഷം 7.6 ലക്ഷം ടണ്‍ ഡിഎപി റഷ്യയില്‍ നിന്നുമെത്തി. എന്‍പികെ വളങ്ങളുടെ ഇറക്കുമതി അവലോകന കാലയളവില്‍ 19.7 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. ഇറക്കുമതിയിലുണ്ടായ അഭൂതപൂര്‍വമായ വർധന കാരണം ആഭ്യന്തര വിപണിയില്‍ രാസവളങ്ങളുടെ ലഭ്യത ഗണ്യമായി വര്‍ധിപ്പിക്കാനും വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്താനും കഴിഞ്ഞുവെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അവകാശപ്പെടുന്നു.
അതേസമയം ഇറക്കുമതി ആശ്രയത്വം ഒഴിവാക്കാനുള്ള നടപടികളുടെ രാജ്യത്തെ രാസവള ഉത്പാദനം കുത്തനെ ഉയര്‍ത്താനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. കേന്ദ്ര നിക്ഷേപ നയത്തിന് കീഴില്‍ രാജ്യത്ത് ആറ് പുതിയ യൂറിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉയര്‍ന്ന ഇന്ധന വിലയും അസംസ്കൃത സാധനങ്ങളുടെ ലഭ്യതയിലുണ്ടായ ഇടിവും മറികടന്ന് രാസവള ഉത്പാദന രംഗത്തും ഇന്ത്യ മികച്ച വളര്‍ച്ചയാണ് നേടുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ രാജ്യത്തെ രാസവളം ഉത്പാദനം 39 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ജനുവരിയില്‍ 32 ലക്ഷം ടണ്‍ ഉത്പാദനമാണ് ഉണ്ടായിരുന്നത്.