
#സുമിത ദാവ്റ, സ്പെഷ്യൽ സെക്രട്ടറി, ലോജിസ്റ്റിക്സ്, കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം
ഇന്ത്യ ഇന്നു വലിയൊരു കുതിച്ചു ചാട്ടത്തിനുള്ള തയാറെടുപ്പിലാണ്. പ്രതിയോഗികളെ മറികടന്ന് രാജ്യത്തിന്റെ ആഗോള ലോജിസ്റ്റിക്സ് റേറ്റിങ് മുന്നേറുമ്പോൾ ചരക്കുസേവന വിതരണ രംഗത്തെ തടസങ്ങൾ പഴങ്കഥയായി മാറുന്നു.
ഉത്പാദന, വ്യാപാര രംഗങ്ങളിലെ ഇന്ത്യയുടെ ആഗോള മുന്നേറ്റം അടിസ്ഥാന സൗകര്യ വികസനവും അന്താരാഷ്ട്ര ചരക്ക് കൈമാറ്റവും (എക്സിം ലോജിസ്റ്റിക്സ്) മെച്ചപ്പെടുത്തുന്നതിൽ സ്വീകരിക്കുന്ന പരിഷ്കാരങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. സമ്പദ്വ്യവസ്ഥയുടെ നിർണായക വളർച്ചാ എൻജിൻ എന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തെ അംഗീകരിക്കുന്നതിന്റെ സൂചനയെന്നോണം, ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും സുഗമമാക്കും വിധം, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (എൻഎംപി), ദേശീയ ലോജിസ്റ്റിക്സ് നയം തുടങ്ങിയ പരിഷ്കാരങ്ങൾ. ഇവ ഇപ്പോൾ ഫലം കാണുകയാണ്.
ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (എൽപിഐ) സംബന്ധിച്ച 2023ലെ റിപ്പോർട്ടിൽ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ ലോക ബാങ്ക് ശ്ലാഘിച്ചു. 139 രാജ്യങ്ങളുടെ ഇൻഡക്സ് ആണ് ആ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇന്ത്യ 2018ലെ റാങ്കിനേക്കാൾ ആറ് സ്ഥാനങ്ങൾ ഉയർന്ന് 38ാം സ്ഥാനത്തെത്തി.
തീരുവകൾ, അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര കപ്പല്ച്ചരക്ക് കൈമാറ്റം, ലോജിസ്റ്റിക്സ് ശേഷി, ലോജിസ്റ്റിക്സ് സേവനങ്ങളുടെ ഗുണനിലവാരം, സമയക്രമം, നിരീക്ഷണം, അനുധാവനം എന്നിവ പരിഗണിച്ച് 6 വിശാലമായ ഗുണാത്മക മാനദണ്ഡങ്ങൾ ആധാരമാക്കി നടത്തുന്ന സർവെയിലൂടെയാണ് ഇൻഡക്സ്കണക്കാക്കുന്നത്.
വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിൽ, അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക വിദ്യകളിലും നിക്ഷേപം നടത്തി, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിലുള്ള തുറമുഖങ്ങളെ ഉൾനാടുകളിലെ സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ 2015 മുതൽ തുടർന്നുപോരുന്ന ഇന്ത്യയുടെ മികച്ച മാതൃക ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന സമയം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ക്രമാനുഗതമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞതിന് മറ്റു ഘടകങ്ങൾക്കൊപ്പം ഇത്തരം നിക്ഷേപങ്ങളും കാരണമാണ്. 2022 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന ശരാശരി സമയം 3 ദിവസം മാത്രമായിരുന്നു. യുഎഇയിലും ആഫ്രിക്കയിലും 4 ദിവസവും യുഎസിൽ 7 ദിവസവും ജർമനിയിൽ 10 ദിവസവും എടുക്കുമ്പോഴാണ് ഈ നേട്ടം.
നാഷണൽ ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് സർവീസസ് ലിമിറ്റഡ് (NLDBSL) എന്ന ഡിജിറ്റൈസേഷൻ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി വിതരണ ശൃംഖലയിൽ സുതാര്യത കൊണ്ടുവരുന്ന കാര്യത്തിൽ ഒരു മികച്ച കേസ് സ്റ്റഡിയായി ഇന്ത്യയെ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിലെ എക്സിം കണ്ടെയ്നറുകളുടെ ചലനം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗുകൾ മുഖേന ലോജിസ്റ്റിക്സ് ഡാറ്റ ബാങ്ക് നിരീക്ഷിക്കുന്നതും അനുധാവനം ചെയ്യുന്നതും എങ്ങനെയെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ഇതിലൂടെ ചരക്ക് സംഭരിക്കുന്നവർക്ക് വിതരണത്തിന്റെ ആദ്യാവസാന നിരീക്ഷണം സാധ്യമാകുന്നു.
2016ൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് ആദ്യമായി അവതരിപ്പിക്കുകയും, ഇന്ന് എല്ലാ പ്രധാന തുറമുഖങ്ങളെയും സ്വകാര്യ തുറമുഖങ്ങളെയും ഉൾക്കൊള്ളുന്നതുമായ "കാർഗോ ട്രെയ്സിങ്' സംവിധാനം, ഇന്ത്യൻ തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന സമയം മെച്ചപ്പെടാൻ കാരണമായി. കാർഗോ ട്രാക്കിങ് ആരംഭിച്ചതോടെ കിഴക്കൻ തുറമുഖമായ വിശാഖപട്ടണത്തിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന സമയം 2015ലെ 32.4 ദിവസത്തിൽ നിന്ന് 2019ൽ 5.3 ദിവസമായി കുറഞ്ഞ കാര്യം ലോക ബാങ്ക് റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ ഭാവി വികസനത്തിൽ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വഹിക്കുവാനുള്ള നിർണായക പങ്ക് തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ, വിതരണ ശൃംഖലകൾ നിരീക്ഷിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനമെന്ന നിലയിൽ ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് പ്രോജക്റ്റ് (എൽഡിബി) ആരംഭിച്ചു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷനും ജാപ്പനീസ് കമ്പനിയായ നിപ്പോൺ ഇലക്ട്രിക് കമ്പനി ലിമിറ്റഡും ചേർന്നുള്ള സമർപ്പിത സംവിധാനമായി (SPV) NLDBSL രൂപപ്പെട്ടു. എക്സിം കണ്ടെയ്നർ നീക്കം സംബന്ധിച്ച വിശദമായ തത്സമയ വിവരങ്ങൾ നൽകാൻ വിതരണ ശൃംഖലയിലുടനീളമുള്ള വിവിധ ഏജൻസികളിൽ നിന്ന് ലഭ്യമായ ഡിജിറ്റൽ വിവരങ്ങൾ എൽഡിബി പങ്കുവയ്ക്കുന്നു. ഇന്ത്യയുടെ 100% എക്സിം കണ്ടെയ്നർ വിവരങ്ങളും ഈ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നു. ചരക്കുകൾ വാങ്ങുന്നവർക്ക് സമഗ്രമായ പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ ലഭ്യമാക്കുന്നു.
2016 ജൂലൈയിൽ തത്സമയ സംവിധാനമായതിനു ശേഷം ഇതുവരെ എൽഡിബി 60 ദശലക്ഷം എക്സിം കണ്ടെയ്നറുകൾ നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യകളുടെ സംയോജനത്തോടെ, ഇന്ത്യയുടെ 100% കണ്ടെയ്നറൈസ്ഡ് എക്സിം ചരക്കുകളും നിരീക്ഷിക്കാനും അനുധാവനം ചെയ്യാനും പ്രധാന ഇന്ത്യൻ തുറമുഖങ്ങൾ, തിരക്കേറിയ ടോൾ പ്ലാസകൾ, 400ഓളം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ, തുറമുഖങ്ങളിലെ ഒഴിഞ്ഞ യാർഡുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, നേപ്പാൾ- ബംഗ്ലാദേശ് അതിർത്തികളിലെ സംയോജിത ചെക്ക് പോസ്റ്റുകൾ എന്നിവയെ എൽഡിബി ബന്ധിപ്പിക്കുന്നു. ഡാറ്റ ശേഖരിക്കാൻ സമർപ്പിത ചരക്ക് ഇടനാഴികൾ ഉൾപ്പെടെയുള്ള റോഡ്- റെയ്ൽ റൂട്ടുകളിൽ ഏതാണ്ട് 3,000 ആൻഎഫ്ഐഡി റീഡറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ശേഖരിക്കുന്നച്ച് ഡാറ്റ ഉപയോഗിച്ച് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനെടുക്കുന്ന സമയം, ചരക്ക് ഗതാഗതത്തിലെ തിരക്ക്, കണ്ടെയ്നർ ചലനത്തിന്റെ വേഗത, പെർഫോമൻസ് ബെഞ്ച്മാർക്കിങ്, ട്രാൻസിറ്റ് ടൈം ഉൾപ്പെടെ വിശകലനം ചെയ്യുന്നു. ഈ വിശകലനം പ്രതിമാസ, ത്രൈമാസ, വാർഷിക അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യും. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, തുറമുഖ അധികാരികൾ, ടെർമിനൽ ഓപ്പറേറ്റർമാർ, കസ്റ്റം ഏജൻസികൾ എന്നിവരുമായും ബന്ധപ്പെട്ട മറ്റുള്ളരുമായും പങ്കിടും.
പ്രശ്നമുള്ള കേന്ദ്രങ്ങളും മെച്ചപ്പെടേണ്ട മേഖലകളും തിരിച്ചറിയാൻ ബന്ധപ്പെട്ട ഏജൻസികൾ പതിവായി അനലിറ്റിക്സ് ഉപയോഗിക്കുന്നു. കുറച്ച് വർഷങ്ങളായി എൽഡിബിയിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തിലൂടെ കണ്ടെയ്നർ കൈകാര്യം ചെയ്യൽ, റോഡ് മാർഗത്തിലൂടെയുള്ള കണ്ടെയ്നറുകൾ കൈകാര്യം ചെയ്യൽ, പ്രധാന ദേശീയ പാതകളിലെ കണ്ടെയ്നർ വേഗത, കണ്ടെയ്നർ കൈകാര്യം ചെയ്യൽ എന്നിവയിൽ പുരോഗതിയുണ്ടായി. ഡൽഹി- മുംബൈ റൂട്ടിലും മുന്ദ്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയ പാതകളിലും കണ്ടെയ്നർ വേഗത 2018നെ അപേക്ഷിച്ച് മെച്ചപ്പെട്ടു.
ഇന്ന്, എൽഡിബി അതിന്റെ സേവനങ്ങൾ നേപ്പാൾ, ബംഗ്ലാദേശ് അതിർത്തികളിലേക്ക് വ്യാപിപ്പിച്ച് അന്താരാഷ്ട്ര വ്യാപാരം കാര്യക്ഷമമാക്കുന്നു. ഇന്ത്യയുടെ എക്സിം കണ്ടെയ്നറുകൾ അന്താരാഷ്ട്ര പോർട്ട് ഓഫ് ഫസ്റ്റ് കോൾ വരെ നിരീക്ഷിക്കുന്നതിന് മാരിടൈം ട്രാക്കിങ് സംവിധാനം ഉപയോഗിക്കുന്നു. കയറ്റുമതി ചെയ്യുന്ന കണ്ടെയ്നറുകൾ കാര്യക്ഷമമായ രീതിയിൽ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് എഫ്ടിഎകളെ സമാനമായ അന്താരാഷ്ട്ര സംവിധാനങ്ങളുമായി യോജിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ വികസന ഘട്ടത്തിലാണ്. ഇത് നമ്മുടെ വ്യാപാരത്തിന് ഉത്തേജനം പകരും.
അതിവേഗ പാതയിലെ ഒരു ദീർഘ യാത്രയുടെ തുടക്കം മാത്രമാണിത്. ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രയോഗം ഏതാനും വർഷങ്ങൾക്കുള്ളിൽ കൂടുതൽ വേഗമാർജിക്കും. മാത്രമല്ല ഇന്ത്യയുടെ ആഗോള ലോജിസ്റ്റിക്സ് റാങ്കിങ്ങും അതോടെ മെച്ചപ്പെടും. 2047ഓടെ വികസിത രാജ്യമായി മാറുകയെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഇത് നമ്മെ നയിക്കും.