
പ്രതിസന്ധികള്‍ക്കിടയില്‍ ബുള്‍ തരംഗത്തിന് ഒരു വിഭാഗം ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയ ചുവടുവയ്പ്പുകള്‍ വിജയം കൈവരിച്ചില്ല. വാരാരംഭത്തില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഹൈവി വെയിറ്റ് ഓഹരികള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ കാണിച്ച ഉത്സാഹം പ്രദേശിക നിക്ഷേപകരിലും ആവേശം പകര്‍ന്നു. എന്നാല്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ വിദേശ വിപണികളില്‍ നിന്നും പുറത്തുവന്ന പ്രതികൂല വാര്‍ത്തകള്‍ സൂചികയെ പിടിച്ചുലച്ചതോടെ ബോംബെ സെന്‍സെക്സ് 673 പോയിന്റും നിഫ്റ്റി 181 പോയിന്റും തളര്‍ന്നു.
മുന്‍നിര ബാങ്കിങ് ഓഹരികളായ എസ്ബിഐ, ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയ്ക്ക് തളര്‍ച്ച. ഇന്‍ഫോസീസ്, വിപ്രോ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, എച്ച്യുഎല്, ആര്‍ഐഎല്‍ തുടങ്ങിവയ്ക്കും തളര്‍ച്ച നേരിട്ടു. അതേസമയം വാങ്ങല്‍ താത്പര്യം മൂലം ടാറ്റാ മോട്ടേഴ്സ്, ടാറ്റ സ്റ്റീല്‍, മാരുതി, ഐടിസി, എല്‍ ആൻഡ് ടി ഓഹരി വിലകള്‍ ഉയര്‍ന്നു.
വിദേശ ധനകാര്യ സ്ഥാനപങ്ങള്‍ 4,393 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ട വാരം ശേഖരിച്ചു. അതേസമയം അവര്‍ 2,623 കോടിയുടെ വില്‍പ്പനയും ഇതിനിടയില്‍ നടത്തി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 2,149 കോടി നിക്ഷേപവും 938 കോടിയുടെ വില്‍പ്പനയും നടത്തി.
സെന്‍സെക്സ് 58,800 പോയിന്റില്‍ നിന്നും തുടക്കത്തിലെ കുതിപ്പില്‍ 60,490 വരെ കയറിയതിനിടയില്‍ നിക്ഷപത്തിന് ഉത്സാഹിച്ച വിദേശ ഫണ്ടുകള്‍ പൊടുന്നനെ വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞു. ഇതോടെ 58,884ലേക്ക് ഒരുവേള വിപണി സാങ്കേതിക തിരുത്തല്‍ കാഴ്ച്ചവച്ചെങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ സെന്‍സെക്സ് 59,135 പോയിന്റിലാണ്. വിപണിക്കു മുന്നില്‍ ഈ വാരം 60,100ല്‍ ആദ്യതടസം ഉയരുന്നു. വില്‍പ്പന സമ്മര്‍ദം ഉടലടുത്താല് ബിഎസ്ഇ ആദ്യ താങ്ങായ 58,516 പോയിന്റിലേക്കു തിരിയാം.
വാരാരംഭത്തില്‍ ഒരുവിഭാഗം പ്രദേശിക നിക്ഷേപകരുടെ ശ്രദ്ധ നിഫ്റ്റിയിലേക്കു തിരിഞ്ഞതോടെ 17,600ല്‍ നിന്നും 17,800ലേക്ക് ഉയര്‍ന്നു. വിപണിയെ ചൂടുപിടിപ്പിച്ച ശഷം വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനയില്‍ പിടിമുറുക്കിയത് നിഫ്റ്റിയെ 17,324ലേക്ക് തളര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 17,412 പോയിന്റിലാണ്. ഈ വാരം 17,224ലെ താങ്ങ് നഷ്ടപ്പെട്ടാല്‍ 17,040 റേയ്ഞ്ചിലേക്കു വിപണി തളരാം. വിപണിക്ക് മുന്നില്‍ 17,700 റേയ്ഞ്ചില് പ്രതിരോധം ഉയരുന്നുണ്ട്.
ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ചാഞ്ചാടി. 81.97ല്‍ നിന്നും 82.29ലേക്ക് ദുര്‍ബലമായെങ്കിലും വാരാന്ത്യം 82.03ലാണ്.
രാജ്യാന്തര മാര്‍ക്കറ്റില്‍ ആഗോള ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളറില്‍ നിന്നും 76.60ലേക്ക് താഴ്ന്നു. ന്യൂയോര്‍ക്കില്‍ സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവച്ചു. ഔണ്‍സിന് 1,857 ഡോളറില്‍ നിന്നും 1,868 ഡോളറിലേക്ക് ഉയര്‍ന്നു. അമെരിക്കന്‍ ബാങ്കിങ് മേഖലയില്‍ പുതിയ പ്രതിസന്ധി തലം ഉയര്‍ത്തിതാണ് നിക്ഷേപകരുടെ ശ്രദ്ധ മഞ്ഞ ലോഹത്തിലേക്കു തിരിച്ചത്. ബുള്‍ തരംഗം തുടര്‍ന്നാല്‍ 1,924 ഡോളറിനെ സ്വര്‍ണ വിപണി ഉറ്റുനോക്കാം.