
കൊച്ചി: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ട്രെന്‍ഡാവുകയാണ് ഭാഗിക ഉടമസ്ഥത. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളില്‍ ഒരു നിശ്ചിത തുക നല്‍കി ഭാഗിക ഉടമസ്ഥാവകാശം നേടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായ ഉടമസ്ഥാവകാശം നിക്ഷേപകന് ലഭിക്കും.
റിയല്‍ എസ്റ്റേറ്റില്‍ നേരിട്ടുള്ള നിക്ഷേപം വലിയ പണച്ചെലവും സങ്കീര്‍ണവുമായ സാഹചര്യത്തില്‍ നിക്ഷേപകന് മുന്നിലുള്ള മികച്ച ഉപാധിയായാണ് ഭാഗിക ഉടമസ്ഥത. ബംഗളൂരു അടക്കമുള്ള മെട്രൊ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പ്രൊജക്റ്റുകള്‍ നേരത്തെതന്നെ ഉണ്ട്. എന്നാല്‍ കേരളത്തില്‍ അടുത്തിടെയാണ് ഇത്തരം നിക്ഷേപാവസരങ്ങള്‍ ആരംഭിച്ചത്.
മ്യൂച്വല്‍ ഫണ്ടുകളിലൂടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകളില്‍ (ആർഇഐടി) നിക്ഷേപിക്കാനുള്ള അവസരം നിലവിലുണ്ടെങ്കിലും ഭാഗിക ഉടമസ്ഥത അതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു പ്രോപ്പര്‍ട്ടി സ്വന്തമാക്കാതെ തന്നെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുകയാണ് ആര്‍ഇഐടിയിലൂടെ ചെയ്യുന്നതെങ്കില്‍ ഇവിടെ ഒരു പ്രൊജക്റ്റില്‍ നിക്ഷേപിക്കുകയാണ്. ആര്‍ഇഐടിയിലൂടെ കുറഞ്ഞ തുകയുടെ നിക്ഷേപവും സാധ്യമാണെങ്കില്‍ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പ് നേടാന്‍ ലക്ഷങ്ങളുടെ നിക്ഷേപിക്കണം.
ഫ്രാക്ഷണല്‍ ഉടമസ്ഥതയില്‍ നിക്ഷേപകന് നിക്ഷേപിച്ചിരിക്കുന്ന പ്രോപ്പര്‍ട്ടി എവിടെയാണെന്നും തന്‍റെ പണം ഏത് തരത്തിലുള്ള വസ്തുവിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അറിയാനാകും.
രണ്ടു മൂന്നു വര്‍ഷമായി ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പ് എന്ന ആശയത്തിന് രാജ്യത്ത് പ്രചാരം കൂടി വരികയാണെങ്കിലും കാര്യമായ നിയന്ത്രണങ്ങള്‍ ഈ രംഗത്തില്ല. വിശ്വസ്തരായ ബില്‍ഡര്‍മാരാണോ എന്നതു മാത്രമായിരുന്നു നിക്ഷേപകരുടെ പരിഗണന. എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത് കൃത്യമായ നിയമ ചട്ടക്കൂട് ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി). ഇതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ തയാറാക്കി പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളില്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഇത് ഈ രംഗത്ത് സുതാര്യത കൊണ്ടുവരുമെന്നും ഇന്ത്യയ്ക്കകത്തു നിന്നും പുറത്തുനിന്നും കൂടുതല്‍ നിക്ഷേപകര്‍ മുന്നോട്ടു വരുമെന്നുമാണ് ബില്‍ഡര്‍മാരുടെ പ്രതീക്ഷ.