
#ബിസിനസ് ലേഖകൻ
കൊച്ചി: ഗ്രൂപ്പ് 20 രാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയുടെ മേധാവിത്വം ഉറച്ചതോടെ രാജ്യത്തെ ഓഹരി വിപണി റെക്കോഡുകള്‍ കീഴടക്കി പുതിയ ഉയരങ്ങളിലെത്തി. ജി 20 രാജ്യങ്ങളുടെ സമ്മേളനം വിജയകരമായി പൂർത്തീകരിച്ചതിനൊപ്പം ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലൂടെ അമെരിക്കയിലേക്ക് പുതിയ ട്രെയ്ന്‍ പദ്ധതി പ്രഖ്യാപിച്ചതും നിക്ഷേപകര്‍ക്ക് ഏറെ ആവേശം പകര്‍ന്നു.
ഇതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളര്‍ കടന്നിട്ടും നിക്ഷേപകര്‍ ആവേശത്തോടെ ഓഹരികള്‍ വാങ്ങി കൂട്ടി. ചൈനയിലെ സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നുവെന്ന സൂചനയും അമെരിക്കയില്‍ പലിശ വർധനയുടെ സാധ്യതകള്‍ കുറഞ്ഞതും നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നു.
കഴിഞ്ഞ രണ്ടു മാസമായി തൊട്ടടുത്തെത്തി വഴുതിപ്പോയ 20,000 എന്ന മാജിക് നമ്പര്‍ ഇന്നലെ ദേശീയ ഓഹരി സൂചിക ആദ്യമായി പിന്നിട്ടു. ബോംബെ ഓഹരി സൂചികയും ഇന്നലെ ഹ്രസ്വകാലത്തിനു ശേഷം വീണ്ടും 67,000ലെത്തി. മുന്‍നിര ഓഹരികള്‍ക്കൊപ്പം ചെറുകിട, ഇടത്തരം കമ്പനികളുടെയും ഓഹരികളില്‍ മികച്ച വാങ്ങല്‍ താത്പര്യം ദൃശ്യമായി.
ഇന്നലെ 19890ല്‍ വ്യാപാരം തുടങ്ങിയ ദേശീയ സൂചികയായ നിഫ്റ്റി ഇന്നലെ വ്യാപാരത്തിനിടയില്‍ 20,008 വരെ എത്തിയെങ്കിലും പിന്നീട് റെക്കോഡ് ഉയരത്തില്‍ അവസാനിച്ചു. ബോംബെ ഓഹരി സൂചിക ഇന്നലെ 528 പോയിന്റ് ഉയര്‍ന്ന് 67127ല്‍ വ്യാപ്യാരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാജ്യത്തെ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇന്നലെ മാത്രം ഓഹരി വിപണിയിലെ മികച്ച മുന്നേറ്റം കാരണം നിക്ഷേപകരുടെ വിപണി മൂല്യത്തില്‍ 3.4 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്.
എന്നാല്‍ ചൈനയുടെ പ്രശ്നങ്ങള്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് ആഗോള ഫണ്ടുകളും വന്‍കിട നിക്ഷേപകരും വിലയിരുത്തുന്നത്. അതിനാല്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ ആവേശത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക് പണമൊഴുക്കുന്നതാണ് രാജ്യത്തെ ഓഹരി വിപണിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നത്. ബാങ്കിങ്, ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അശോക് ലെയ്ലാന്‍ഡ് തുടങ്ങിയ ഓഹരികളെല്ലാം 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെയും റെയ്ല് മേഖലയിലുള്ള കമ്പനികളുടെയും ഓഹരികളിലും മികച്ച വർധനയുണ്ടായി.