സ്വർണ വില കുത്തനെ കുറയാൻ സാഹചര്യമൊരുങ്ങുന്നു

ആഗോള മേഖലയില്‍ വ്യാപാര യുദ്ധ ഭീതി ഒഴിയുന്നതിനാല്‍ സ്വര്‍ണ വില കുത്തനെ കുറയാന്‍ സാഹചര്യമൊരുങ്ങുന്നു
Gold rate likely to fall sharply

സ്വർണ വില കുത്തനെ കുറയാൻ സാഹചര്യമൊരുങ്ങുന്നു

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയില്‍ വ്യാപാര യുദ്ധ ഭീതി ഒഴിയുന്നതിനാല്‍ സ്വര്‍ണ വില കുത്തനെ കുറയാന്‍ സാഹചര്യമൊരുങ്ങുന്നു. ചൈനയ്ക്കെതിരെയുള്ള നീക്കങ്ങള്‍ ദുര്‍ബലമാക്കാന്‍ ഡോണള്‍ഡ് ട്രംപ് തയാറാകുമെന്ന പ്രതീക്ഷയില്‍ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ചു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പ്രിയമേറിയതാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണ വില പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. വ്യാപാര യുദ്ധം അതിരൂക്ഷമായതോടെ ഏപ്രില്‍ രണ്ടാം വാരം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,380 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ചൈനയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ സ്വര്‍ണ വില താഴാന്‍ തുടങ്ങി. ഇതോടൊപ്പം ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമെരിക്കന്‍ ബോണ്ടുകളുടെ മൂല്യം ഉയര്‍ന്നതും സ്വര്‍ണ വിപണിക്ക് പ്രതികൂലമായി.

കഴിഞ്ഞദിവസം രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,270 ഡോളര്‍ വരെ താഴ്ന്നു. ഇതോടെ ഇന്നലെ കേരളത്തിലും സ്വര്‍ണ വില കുറയാന്‍ ഇടയുണ്ട്. ഇന്നലെ കേരളത്തില്‍ സ്വര്‍ണം പവന്‍ വില 71,840 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്തെ ജ്വലറികളില്‍ വില്‍പ്പനയില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. വിലക്കയറ്റം ഉപയോക്താക്കളുടെ വാങ്ങല്‍ ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് നിലവില്‍ പ്രിയം കൂടുന്നത്. ഇതോടൊപ്പം ചെറിയ ആഭരണങ്ങളിലേക്കും ഉപയോക്താക്കള്‍ മാറി. സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലും മാറ്റം ദൃശ്യമാണ്.

ഇതിനിടെ വിലയിലെ കുതിപ്പ് കാരണം രാജ്യത്തെ സ്വര്‍ണാഭരണ വില്‍പ്പന മേഖല കനത്ത തിരിച്ചടി നേരിടാന്‍ ഇടയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭരണമായി വാങ്ങുന്നവരേക്കാള്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ പണമുടക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ പോലുള്ള മാര്‍ഗങ്ങളിലേക്കാണ് പണമൊഴുകുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ സ്വര്‍ണ ഉപയോഗം മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറഞ്ഞ് 71.4 ടണ്ണായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com