80,000 തൊടാൻ സ്വർണ വില

രാജ്യാന്തര വിപണിയിലെ സ്വര്‍ണ കുതിപ്പിന്‍റെ ചുവടുപിടിച്ച് ചൊവ്വാഴ്ച കേരളത്തില്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപ കടന്നേക്കും
80,000 തൊടാൻ സ്വർണ വില | Gold rate set to touch Rs 80k mark

രാജ്യാന്തര വിപണിയിലെ സ്വര്‍ണ കുതിപ്പിന്‍റെ ചുവടുപിടിച്ച് ചൊവ്വാഴ്ച കേരളത്തില്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപ കടന്നേക്കും

Updated on
Summary

അമെരിക്കയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന വാര്‍ത്തകളും ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കുന്നു.

ബിസിനസ് ലേഖകൻ

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില പവന് 80,000 രൂപയ്ക്ക് തൊട്ടടുത്തെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കേന്ദ്ര ബാങ്കുകളും വന്‍കിട ഫണ്ടുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ തിങ്കളാഴ്ച കേരളത്തില്‍ പവന്‍ വില 400 രൂപ വർധിച്ച് 79,880 രൂപയിലെത്തി റെക്കോഡിട്ടു. ഗ്രാമിന്‍റെ വില 50 രൂപ ഉയര്‍ന്ന് 9,985 രൂപയിലെത്തി.

രാജ്യാന്തര വിപണിയിലെ സ്വര്‍ണ കുതിപ്പിന്‍റെ ചുവടുപിടിച്ച് ചൊവ്വാഴ്ച കേരളത്തില്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപ കടന്നേക്കും. ഗ്രാമിന്‍റെ വില 10,000 രൂപ കവിയും. അമെരിക്കയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന വാര്‍ത്തകളും ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് (28.35 ഗ്രാം) 34 ഡോളര്‍ ഉയര്‍ന്ന് 3,620 ഡോളറിലെത്തി റെക്കോഡിട്ടിരുന്നു. തമിഴ്നാട്ടില്‍ ഇന്നലെ സ്വര്‍ണ വില പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കവിഞ്ഞു. ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയായിരുന്നു. എന്നാല്‍ രാജ്യാന്തര വില പൊടുന്നനെ കൂടിയതോടെ ഉച്ചയ്ക്ക് ശേഷം വില മുകളിലേക്ക് നീങ്ങി.

ട്രംപിന്‍റെ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് അമെരിക്കയില്‍ സാമ്പത്തിക മാന്ദ്യ സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നതാണ് സ്വര്‍ണത്തിന് പ്രിയം വർധിപ്പിച്ചത്.

അമെരിക്കന്‍ ഡോളറിന്‍റെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ വിറ്റുമാറി സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നതും അനുകൂലമായി. പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും രാഷ്‌ട്രീയ സംഘര്‍ഷങ്ങളും അനുകൂല സാഹചര്യമാണ്.

അമെരിക്കന്‍ ട്രഷറി നിക്ഷേപങ്ങളിലും യൂറോയിലും നിക്ഷേപകര്‍ക്ക് വിശ്വാസം കുറഞ്ഞതോടെ സുരക്ഷിത നാണയമെന്ന നിലയില്‍ സ്വര്‍ണം പ്രധാന നിക്ഷേപ മേഖലയായി മാറുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com