

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു
തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്. പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14720 രൂപയായി. മൂന്ന് ദിവസത്തിനിടെ പവന്‍റെ വില 13,400 രൂപയാണ് കുറഞ്ഞത്.
1,31,160 എന്ന റെക്കോഡ് നിലയിലെത്തിയ ശേഷമാണ് സ്വർണവില താഴേക്ക് പോയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 20,000 രൂപയോളം ഇടിഞ്ഞ് 1,49,075 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,91,922 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസ് ഫെഡിന്റെ പണനയം കർശനമാക്കിയേക്കുമെന്നുള്ള സൂചനയും തിരിച്ചടിയായി.