
കൊച്ചി: വമ്പൻ നികുതി പ്രഖ്യാപിച്ചിട്ടും ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സികളിലേക്ക് പണം കുതിച്ചൊഴുകുകയാണ്. ക്രിപ്റ്റോ കറന്‍സികളുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ വളര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ചെയിനനാലിസിസിന്റെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്. 26,000 കോടി ഡോളറിന്റെ ഇടപാടുകളാണ് (ഏകദേശം 22 ലക്ഷം കോടി രൂപ) ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സികളില്‍ നടക്കുന്നതെന്ന് ചെയിനനാലിസിസിന്റെ "2023 ജ്യോഗ്രഫി ഒഫ് ക്രിപ്റ്റോകറന്‍സി റിപ്പോര്‍ട്ട്' പറയുന്നു. സാങ്കല്‍പ്പിക ഡിജിറ്റല്‍ സമ്പാദ്യം എന്ന് പരിഗണിച്ചാണ് 2022 ഏപ്രില്‍ ഒന്നു മുതല്‍ നികുതി വകുപ്പ് ക്രിപ്റ്റോ കറന്‍സികളില്‍ നിന്നുള്ള ലാഭത്തിന് 30 ശതമാനം നികുതി, പുറമേ സര്‍ചാര്‍ജ്, സെസ് എന്നിവ ഏര്‍പ്പെടുത്തിയത്. ആ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഒരു ശതമാനം ടിഡിഎസും പ്രാബല്യത്തില്‍ വന്നു.
ഒരു ലക്ഷം കോടി ഡോളറിനുമേല്‍ (83 ലക്ഷം കോടി രൂപ) ഇടപാടുകളുമായി അമെരിക്കയാണ് ക്രിപ്റ്റോ കറന്‍സികളുടെ ഏറ്റവും വലിയ വിപണി. ഇന്ത്യ രണ്ടാമതാണ്. 25,000 കോടി ഡോളറുമായി യുകെ മൂന്നാമതാണ്. തുര്‍ക്കി, റഷ്യ, കാനഡ, വിയറ്റ്നാം, തായ്ലാന്ഡ്, ജര്‍മനി എന്നിവയാണ് യഥാക്രമം പിന്നിൽ.
ക്രിപ്റ്റോ കറന്‍സികളെ ഇന്ത്യയില്‍ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ഒരുവേള ക്രിപ്റ്റോ കറന്‍സികളെ റിസര്‍വ് ബാങ്ക് നിരോധിച്ചെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു.
ക്രിപ്റ്റോ കറന്‍സികളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും നിയന്ത്രണ ഏജന്‍സികളില്ലാത്തതിനാല്‍ സുരക്ഷിതമല്ലെന്നും നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടേക്കാമെന്നുമുള്ള നിലപാടാണ് റിസര്‍വ് ബാങ്കിനുള്ളത്. കള്ളപ്പണം. തീവ്രവാദ ഫണ്ടിങ്, പണം തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ചേക്കാമെന്ന് വാദങ്ങളുണ്ട്.
ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ സാങ്കല്‍പ്പിക കറന്‍സികളാണ് ക്രിപ്റ്റോ കറന്‍സികള്‍. അമെരിക്കയിലടക്കം ലോകത്ത് ചില രാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സി അംഗീകരിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ഇവയില്‍ നിക്ഷേപിക്കാം, ഇവ ഉപയോഗിച്ച് നിയന്ത്രണങ്ങളോടെ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും ചെയ്യാം.
ഇന്ത്യയില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ക്രിപ്റ്റോ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിനാണ് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോ കറന്‍സി. എഥേറിയം, ടെതര്‍, ബിഎന്‍ബി, യുഎസ്ഡി കോയിന്, ഡോജ്കോയിന് തുടങ്ങി നിരവധി ക്രിപ്റ്റോ കറന്‍സികളുണ്ട്.