ഐടി കമ്പനിക‍ളെ നോട്ടമിട്ട് ജിഎസ്ടി വകുപ്പ്

വിദേശത്തെ പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായ ജിഎസ്ടി അടച്ചില്ലെന്നു കണ്ടെത്തി
GST department targets IT companies
ഐടി കമ്പനിക‍ളെ നോട്ടമിട്ട് ജിഎസ്ടി വകുപ്പ്
Updated on

ബിസി‌നസ് ലേഖകൻ

കൊച്ചി: വിദേശത്തെ പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായ ജിഎസ്ടി നികുതി അടച്ചില്ലെന്ന് കണ്ടെത്തിയതോടെ പ്രമുഖ ഐടി കമ്പനികള്‍ക്കെതിരെ കേന്ദ്ര ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് വാളോങ്ങുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന് കഴിഞ്ഞ ദിവസം ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് ജിഎസ്ടി ഇന്‍റലിജന്‍സ് 32,000 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ രാജ്യത്തെ ഐടി മേഖലയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ബംഗളൂരുവിലെ കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ പുതിയ നീക്കം ഐടി വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍ക്ക് നികുതി നോട്ടീസ് അയച്ച നടപടിയില്‍ വ്യക്തത വരുത്തണമെന്ന് ഐടി കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പുതുതായി ഉയര്‍ന്നുവന്ന പ്രശ്നമല്ലിത്. മുന്‍പും സമാന നീക്കങ്ങള്‍ നികുതി വകുപ്പ് നടത്തിയപ്പോള്‍ ഐടി കമ്പനികള്‍ വിവിധ കോടതികളെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

അതേസമയം, നികുതി നോട്ടീസിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനാണ് ഇന്‍ഫോസിസ് ആലോചിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കമ്പനിയുടെ മൊത്തം വരുമാനത്തിന് തുല്യമായ തുകയ്ക്കാണ് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. ജിഎസ്ടി ഉള്‍പ്പെടെ എല്ലാ നികുതികളും യഥാസമയം അടച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങില്‍ കമ്പനി പറയുന്നു.

ഇന്‍ഫോസിസില്‍ മാത്രം ഒതുങ്ങുന്ന നികുതി പ്രശ്നമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ മറ്റ് പ്രമുഖ കമ്പനികള്‍ക്കും വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളില്‍ ഓഫിസ് തുറന്ന് അവിടുത്ത ഉപയോക്താക്കള്‍ക്ക് ഐടി സേവനങ്ങള്‍ നല്‍കുന്നതിന്‍റെ പേരില്‍ ജിഎസ്ടി നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശത്ത് ഓഫിസുകളിലുള്ള മറ്റു മേഖലകളിലെ കമ്പനികള്‍ക്കും പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com