
ന്യൂഡൽഹി: ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയരുകയാണ്. 2023 ഒക്റ്റോബറിലെ ജിഎസ്ടി വരുമാനം 13 ശതമാനം ഉയര്‍ന്ന് 172003 കോടി രൂപയിലെത്തി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണിതെന്ന് ധനമന്ത്രാലയം പറയുന്നു.
ഇതിനു മുമ്പ് 2023 ഏപ്രിലിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാനം രേഖപ്പെടുത്തിയത്-1,87,035 കോടി രൂപ. 2023 ഒക്റ്റോബറിലെ മൊത്ത ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. ഈ മാസത്തില്‍, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) മുന്‍വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ 13 ശതമാനം കൂടുതലാണ്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മൊത്ത പ്രതിമാസ ജിഎസ്ടി വരുമാനം ഇതുവരെ 1.66 ലക്ഷം കോടി രൂപയാണ്, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ ശരാശരിയേക്കാള്‍ 11 ശതമാനം കൂടുതലാണ്.
ഒക്റ്റോബറിലെ 1,72,003 കോടി രൂപ മൊത്ത ജിഎസ്ടി വരുമാനത്തില്‍ 30,062 കോടി രൂപ സിജിഎസ്ടിയും, 38,171 കോടി രൂപ എസ്ജിഎസ്ടിയും, 91,315 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ലഭിച്ച 42,127 കോടി രൂപയും കൂടി) ഐജിഎസ്ടിയും ആണ്. 12,456 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ സമാഹരിച്ച 1,294 കോടി രൂപയും കൂടി) സെസും ഉള്‍പ്പെടുന്നു.
ഐജിഎസ്ടിയില്‍ നിന്ന് 42,873 കോടി രൂപ സിജിഎസ്ടിയിലേക്കും 36,614 കോടി രൂപ എസ്ജിഎസ്ടിയിലേക്കും സര്‍ക്കാര്‍ തീര്‍പ്പാക്കി. റെഗുലര്‍ സെറ്റില്‍മെന്‍റിന് ശേഷം 2023 ഒക്റ്റോബറില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 72,934 കോടി രൂപയും എസ്ജിഎസ്ടിക്ക് 74,785 കോടി രൂപയുമാണ്.