

കൈസാദ് എം. ഭരൂച്ച
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്റർ കൈസാദ് എം. ഭരൂച്ച രാജിവച്ചു. ഡിസംബർ 31 മുതൽ സർവീസിൽ നിന്ന് വിരമിക്കാനുള്ള അപേക്ഷ ഭരൂച്ച നൽകിയതായി ബാങ്ക് ശനിയാഴ്ച ഓഹരി വിപണികൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി.
ഭരൂച്ചയുടെ രാജി ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗീകരിച്ചു. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി ശുപാർശ ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.
ഐസിഐസിഐ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ അനുപ് ബാഗ്ചി ഒക്റ്റോബർ 27ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേൽക്കാനിരിക്കെയാണ് ഭരൂച്ചയുടെ രാജി. എംഡി, സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഭരൂച്ചയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
35 വർഷത്തിലേറെ ബാങ്കിങ് മേഖലയിൽ പരിചയമുള്ള ഭരൂച്ച 1995 മുതൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭാഗമാണ്. 2023 ഏപ്രിൽ 19നാണ് ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്ററായി ചുമതലയേറ്റത്. 2014ൽ ബാങ്കിന്റെ ഡയറക്റ്റർ ബോർഡിലും അംഗമായി.
കോർപറേറ്റ് ബാങ്കിങ്, എമർജിങ് കോർപറേറ്റ്സ് ഗ്രൂപ്പ്, ബിസിനസ് ബാങ്കിങ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, റൂറൽ ബാങ്കിങ്, ഹെൽത്ത്കെയർ ഫിനാൻസ്, റിയൽ എസ്റ്റേറ്റ് ബിസിനസ് ഫിനാൻസ്, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് തുടങ്ങിയ മേഖലകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ബാങ്കിന്റെ റീട്ടെയിൽ ആസ്തികൾ, മോർട്ട്ഗേജ് ബിസിനസ്, ട്രാക്ടർ ഫിനാൻസ്, ഗതാഗത മേഖലയ്ക്കുള്ള ധനസഹായം എന്നിവയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
നേരത്തേ ബാങ്കിന്റെ ഗ്രൂപ്പ് ഹെഡ് – ക്രെഡിറ്റ് ആൻഡ് മാർക്കറ്റ് റിസ്ക് എന്ന നിലയിൽ പ്രവർത്തിച്ച ഭറൂച്ച ക്രെഡിറ്റ് റിസ്ക്, മാർക്കറ്റ് റിസ്ക്, ഡെബ്റ്റ് മാനേജ്മെന്റ്, റിസ്ക് ഇന്റലിജൻസ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്കിൽ ചേരുന്നതിന് മുൻപ് എസ്ബിഐ കൊമേഴ്സ്യൽ ആൻഡ് ഇന്റർനാഷണൽ ബാങ്കിൽ പ്രവർത്തിച്ചിരുന്നു. മുംബൈ സർവകലാശാലയ്ക്ക് കീഴിലുള്ള സിഡൻഹാം കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.