
പോളിസി ബസാറിന് അഞ്ച് കോടി രൂപ പിഴ
ന്യൂഡൽഡഹി: ഓണ്‍ലൈന്‍ ഇൻഷ്വറന്‍സ് പ്ലാറ്റ്ഫോമായ പോളിസി ബസാറിന് അഞ്ചു കോടി രൂപ പിഴയിട്ട് ഇൻഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഒഫ് ഇന്ത്യ (ഐആര്‍ഡിഎഐ). തെറ്റായ വിവരങ്ങള്‍ നൽകി പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു, ഉപയോക്താക്കള്‍ അടച്ച പ്രീമിയം തുക ഇൻഷ്വറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നത് വൈകിപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ക്കാണ് നടപടി. 2019ലും വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കമ്പനിക്ക് പിഴയിട്ടിരുന്നു.
2024 ഫെബ്രുവരിയിലാണ് കോംപോസിറ്റ് ബ്രോക്കര്‍ ലൈസന്‍സ് പോളിസി ബസാറിന് ലഭിക്കുന്നത്. കമ്പനി തങ്ങളുടെ പ്ലാറ്റ്ഫോം വഴി ചില കമ്പനികളുടെ ചില പ്രത്യേക പോളിസികള്‍ വിപണിയിലെ "ഏറ്റവും മികച്ചത്' എന്ന പേരില്‍ പ്രമോട്ട് ചെയ്തിരുന്നതായി ഐആര്‍ഡിഎഐ കണ്ടെത്തി. ഇത് ഉപയോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. മാത്രമല്ല ഈ റാങ്കിങ് ഏതു മാനദണ്ഡത്തിലാണ് പോളിസി ബസാര്‍ നൽകിയതെന്ന് വിശദീകരിക്കാനും കമ്പനിക്ക് സാധിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു.
പോളിസി ഉടമകള്‍ അടച്ച പ്രീമിയം ബന്ധപ്പെട്ട ഇൻഷ്വറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നതില്‍ ഗുരുതരമായ കാലതാമസം പോളിസി ബസാര്‍ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ അടയ്ക്കുന്ന പ്രീമിയം തുക 24 മണിക്കൂറിനകം ബന്ധപ്പെട്ട ഇൻഷ്വറന്‍സ് കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും കമ്പനി ഇത് ലംഘിച്ചു. അഞ്ചു മുതല്‍ 30 ദിവസം വരെയാണ് ഇത്തരത്തില്‍ കാലതാമസം വരുത്തിയത്. ഒരു കോടി രൂപയാണ് ഇതിന് പിഴയിട്ടത്.
പോളിസി ബസാറിലെ പ്രധാന റോളിലുള്ളവര്‍ അനുമതിയില്ലാതെ മറ്റ് കമ്പനികളുടെ ഡയറക്റ്റര്‍ പദവി വഹിച്ചതായും ടെലി മാര്‍ക്കറ്റിങ് വഴി കൃത്യമായ വിവരങ്ങളില്ലാതെ 97,000ത്തിലധികം പോളിസികള്‍ വിറ്റതായും ഐആര്‍ഡിഎഐ കണ്ടെത്തിയിട്ടുണ്ട്.