
പുതിയ സാമ്പത്തിക വര്‍ഷം ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഓരോ വിഭാഗത്തെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങള്‍ എന്ത് സ്വാധീനമാണുണ്ടാക്കുകയെന്ന് വിശകലനം ചെയ്യുകയാണ് വിവിധ മേഖലകളിലെ വിദഗ്ധര്‍. വരാനിരിക്കുന്ന കാലത്തെ ട്രെന്‍ഡുകള്‍, മുന്നിലേക്ക് വരാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് വിശകലനങ്ങള്‍ നടക്കുന്നത്.
ബജറ്റ് തയ്യാറാക്കല്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബജറ്റ് വിശകലനവും. വിദഗ്ധാഭിപ്രായവും പരിചയസമ്പത്തും കൊണ്ടുമാത്രം ബജറ്റ് വിശകലനം കൃത്യമാകില്ല. കൃത്യതയാര്‍ന്ന നിരീക്ഷണങ്ങളും ഒപ്പം ചെറിയ കാര്യങ്ങള്‍ പോലും പ്രാധാന്യം നല്കി ഇഴകീറി പരിശോധിക്കാനുള്ള ശേഷിയും പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ബജറ്റ് മൊത്തത്തില്‍ ഗുണപരമായ ഒന്നാണ്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ചില വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. വിശദമായ പഠനം നടത്താതെയാണ് ചില പ്രഖ്യാപനങ്ങളെന്നതാണ് അതിലൊന്ന്.
കഴിഞ്ഞ വര്‍ഷം അനുവദിച്ച സാമ്പത്തിക സഹായമായ 653.92 കോടി രൂപയില്‍നിന്ന് ഐഐഎമ്മുകള്‍ക്ക് അനുവദിച്ച തുക 300 കോടി രൂപയായി കുറഞ്ഞിരിക്കുന്നു എന്നതാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഐഐഎമ്മുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അടിസ്ഥാനസൗകര്യ വികസനത്തിന് മാത്രമാണ് അല്ലെങ്കില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് മാത്രമാണ് എന്നതാണ് ഇതിന്റെ വസ്തുത. ഒരു നിശ്ചിത കാലത്തേക്ക് റിക്കറിങ് ഫണ്ടുകളും ലഭിക്കും. എന്നാല്‍ ഒരു ഐഐഎം പ്രോജക്റ്റ് പൂര്‍ത്തിയായാല്‍ പിന്നീട് തുക അനുവദിക്കാറില്ല. ഇതിനാലാണ് ഐഎംഎമ്മിനായി ബജറ്റില്‍ അനുവദിക്കുന്ന തുക വളരെ കുറവാകുന്നത്. മറ്റ് ധനസഹായങ്ങള്‍ അനുവദിക്കുന്നത് കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ ആശ്രയിച്ചുകൂടിയാണ്.
ചിലര്‍ അഭിപ്രായപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് (എച്ച്ഇഎഫ്എ) പണം അനുവദിക്കുന്നതിനെ സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമേതും ഇല്ലെന്നാണ്. ഇതുവരെ 4812.50 കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റ് ഈ വിഭാഗത്തിലേക്ക് അനുവദിച്ചിട്ടുള്ളത്. എച്ച്ഇഎഫ്എയുടെ ബാങ്കിങ് പങ്കാളിയായ കനറ ബാങ്ക് 481.25 കോടി രൂപ ഓഹരി വിഭാഗത്തില്‍ അനുവദിച്ചു. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വായ്പാ ഇനത്തില്‍ 52,937 കോടി രൂപയാണ് അനുവദിച്ചത്. ഇത് പ്രയോജനപ്പെടുത്താതെ പുതിയ തുക അനുവദിക്കേണ്ട കാര്യമില്ല. ഇക്കാരണത്താലാണ് ഈ വിഭാഗത്തില്‍ ബജറ്റില്‍ പണം അനുവദിക്കാതിരുന്നത്. തുക ആവശ്യം വരുന്ന മുറയ്ക്ക് ലഭ്യമാക്കുകയും ചെയ്യും.
ഇംപ്രസ് പദ്ധതി, എംഒഒസി എന്നിവയ്ക്കും ബജറ്റില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വാദവും ഉയരുന്നുണ്ട്. ഇംപ്രസ് പദ്ധതിക്കായി 2021 മാര്‍ച്ച് 31 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ശാസ്ത്ര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് മൂന്നാം കക്ഷിയുടെ പഠന റിപ്പോര്‍ട്ട് ലഭിക്കാതെ കൂടുതല്‍ തുക അനുവദിക്കുന്നതില്‍ പ്രയോജനമില്ലെന്നതാണ് വസ്തുത. എംഒഒസികളും ഇ- ശോധ് സിന്ധുവും (ഇ- എസ്എസ്) ഇപ്പോള്‍ സംയുക്ത പരിപാടിയാണ്. അവ എന്എംഐസിടിയുടെ പ്രത്യേക ഘടകങ്ങളായി സംയോജിപ്പിച്ച് മതിയായ തുക നല്‍കിയിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ച 55,078 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്ന തുക 50,094 കോടി രൂപയായി കുറഞ്ഞുവെന്നാണ് മറ്റൊരു അഭിപ്രായം ഉയരുന്നത്. എന്നാല്‍ വസ്തുത മനസിലാക്കേണ്ടത് അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാണ്.
ബജറ്റില്‍ അനുവദിച്ച മൊത്തം തുകയില്‍ സെസ് ഫണ്ടുകള്‍ ഇരട്ടിയോളമാണ്. യഥാര്‍ഥ ബജറ്റ് വകയിരുത്തല്‍ എന്നറിയപ്പെടുന്ന അറ്റ ബജറ്റ് വിഹിതത്തിലെത്താന് മൊത്ത ബജറ്റ് വിഹിതത്തില്‍ നിന്ന് 'റിസര്‍വ് ഫണ്ടിലേക്കുള്ള കൈമാറ്റ'ത്തുക ഒരുതവണ കുറയ്ക്കുന്നു. (ഇതോടൊപ്പമുള്ള പട്ടിക കാണുക).
വിദ്യാഭ്യാസ സെസ് (എംയുഎസ്കെ) മാത്രമാണ് കുറച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം അനുവദിച്ച തുക കുറവായി തോന്നുന്നത്. യഥാര്‍ഥത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 40,828.35 കോടി രൂപയില്‍ നിന്ന് 44,094.62 കോടി രൂപയായി ആകെ അനുവദിച്ച തുക ഉയരുകയാണ് ചെയ്തിരിക്കുന്നതെന്നു പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകും.
ഓരോ വര്‍ഷവും വിഹിതത്തിലെ വര്‍ധന മിക്കവാറും എല്ലാ വ്യവസായങ്ങളുടെയും മേഖലകളുടെയും പൊതു പ്രതീക്ഷയാണ്. എന്നാല്‍ ഫലപ്രദമായ ബജറ്റ് വകയിരുത്തലിലേക്കാണ് നീങ്ങുന്നതെന്നു കാണാം. ഇത് നിലവിലുള്ള പരിമിതികള്‍ക്കുള്ളില്‍ വികസന അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിടുന്നു. ചലനാത്മകമാകും വിധത്തില്‍ ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഉപയോഗവും ആവശ്യമാണ്. അതേസമയം, പ്രധാന മേഖലയിലേക്കുള്ള ധനവിഹിതം സാധ്യമാകുന്നിടത്തോളം വിപുലീകരിക്കുന്നതും ലക്ഷ്യമിടുന്നു. കേന്ദ്ര ബജറ്റും വിദ്യാഭ്യാസ മേഖലയിലെ അതിന്റെ സ്വാധീനവും, തീര്‍ച്ചയായും, ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണ്.