ഡിവിഡി ബിസിനസില്‍ തുടങ്ങി സ്ട്രീമിങ് രാജാവായി മാറിയ നെറ്റ്ഫ്‌ളിക്‌സിന്‍റെ കഥ
ആന്‍റണി ഷെലിന്‍
വിഡിയൊ കാസറ്റും സിഡിയും ഡിവിഡിയുമൊക്കെ വാടകയ്‌ക്കെടുത്ത് കാഴ്ചകള്‍ ആസ്വദിച്ചിരുന്ന പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ ബിസിനസ് മോഡലാണ് നെറ്റ്ഫ്‌ളിക്‌സിന്‍റേത്. ഇന്ന് സ്ട്രീമിങ് രംഗത്തെ ബ്രാന്‍ഡ് നെയിമായി നെറ്റ്ഫ്‌ളിക്‌സ് മാറി. ഇത്തരത്തില്‍ ലോക പ്രശസ്തിയാർജിച്ച നെറ്റ്ഫ്‌ളിക്‌സ് എന്ന ബ്രാന്‍ഡ് രൂപം കൊള്ളാനുണ്ടായ കാരണം അതിന്‍റെ സ്ഥാപകന്‍ നേരിട്ട ഒരു ദുരനുഭവമായിരുന്നു.
ഇങ്ങനെ ഓരോ ബ്രാന്‍ഡിനും രസകരമായൊരു കഥ പറയാനുണ്ടാകും. നെറ്റ്ഫ്‌ളിക്‌സ് എന്ന ബ്രാന്‍ഡ് രൂപപ്പെട്ടതിനു പിന്നിലുള്ള കഥ കേൾക്കാം. അത് സ്ട്രീമിങ് വിപ്ലവത്തിന്‍റെ കഥ കൂടിയാണ്. 1997ല്‍ റീഡ് ഹേസ്റ്റിങ്‌സും മാര്‍ക്ക് റാന്‍ഡോള്‍ഫും ചേര്‍ന്ന് തുടക്കമിട്ട ഡിവിഡി റെന്‍റല്‍ സര്‍വീസാണ് പിന്നീട് ടിവി ഷോകളും, ഡോക്യുമെന്‍ററികളും, സിനിമകളും, ഗെയ്മുകളുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഒരു ആഗോള സ്ട്രീമിങ് പ്ലാറ്റ്‌ഫോമായിത്തീര്‍ന്ന നെറ്റ്ഫ്‌ളിക്‌സ് ആയി മാറിയത്. ഇന്ന് 190ലധികം രാജ്യങ്ങളില്‍ സാന്നിധ്യവും 23 കോടിയിലധികം വരിക്കാരുമുണ്ട്, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്.
നെറ്റ്ഫ്‌ളിക്‌സിന്‍റെ സ്ഥാപകനായ റീഡ് ഹേസ്റ്റിങ്‌സ് 1990കളിലെ പ്രശസ്ത വിഡിയൊ കാസറ്റ് വാടക ശൃംഖലയായ 'ബ്ലോക്ക്ബസ്റ്ററില്‍' നിന്ന് അപ്പോളോ 13 എന്ന സിനിമയുടെ വിഡിയൊ കാസറ്റ് ഒരിക്കല്‍ വാടകയ്‌ക്കെടുത്തു. നിര്‍ഭാഗ്യവശാല്‍ ഹേസ്റ്റിങ്‌സിന് കൃത്യസമയത്ത് കാസറ്റ് തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഇതിന് ഹേസ്റ്റിങ്‌സിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. 44 ഡോളര്‍ പിഴയായി ഈടാക്കി.
ഈയൊരു അനുഭവം അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. വിഡിയൊ കാസറ്റ് വാടകയ്ക്കു നല്‍കുന്ന പരമ്പരാഗത സ്റ്റോറുകളുടെ പോരായ്മകളെക്കുറിച്ചും, ലേറ്റ് ഫീസായി കനത്ത തുക ഈടാക്കുന്നതിനെ കുറിച്ചുമൊക്കെ ഹേസ്റ്റിങ്‌സ് ആഴത്തില്‍ ചിന്തിച്ചു.
പിന്നീട് ഹേസ്റ്റിങ്സും സുഹൃത്തും സഹപ്രവര്‍ത്തകനുമായ മാര്‍ക്ക് റാന്‍ഡോള്‍ഫും ചേര്‍ന്ന് വിഡിയൊ കാസറ്റ് വാടകയ്ക്കു നല്‍കുന്ന ബിസിനസിനെ എങ്ങനെ കൂടുതല്‍ സൗകര്യപ്രദമാക്കാമെന്നു ചിന്തിക്കാന്‍ തുടങ്ങി. ലേറ്റ് ഫീസ് ഒഴിവാക്കുകയും കസ്റ്റമേഴ്‌സിനു കൂടുതല്‍ സൗകര്യം നല്‍കുകയും ചെയ്യുന്ന ഒരു സേവനം സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. അങ്ങനെ രണ്ടു പേരുടെയും ചിന്ത മെയ്ല്‍ സര്‍വീസിലൂടെ ഡിവിഡി വാടകയ്ക്കു നല്‍കുന്ന സേവനം ആരംഭിക്കുക എന്ന ആശയത്തിലെത്തിച്ചേര്‍ന്നു.
വിഡിയൊ കാസറ്റ് വാടകയ്ക്ക് ലഭിക്കുന്ന സ്റ്റോറില്‍ നേരിട്ട് എത്തുന്നതിനു പകരം, കസ്റ്റമർ ഓണ്‍ലൈനായി തെരഞ്ഞെടുക്കുന്ന ഡിവിഡി വീടുകളില്‍ എത്തിച്ചു കൊടുക്കുക എന്നതായിരുന്നു ആശയം. കിബിള്‍ (Kibble) എന്ന പേരും സംരംഭത്തിനു നല്‍കി. എന്നാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണമെന്നാണ് കിബിള്‍ എന്ന വാക്കിന്‍റെ അർഥം. സംരംഭം ഔദ്യോഗികമായി തുടക്കമിടാന്‍ തീരുമാനിച്ചെങ്കിലും കിബിള്‍ എന്ന പേര് ബിസിനസിന് യോജിക്കുന്നതല്ലെന്ന് ഇരുവരും മനസിലാക്കി.
ഇന്‍റര്‍നെറ്റിലൂടെ ഡിവിഡി വാടകയ്ക്ക് കൊടുക്കുന്ന സേവനത്തിനു പിന്നിലെ സാങ്കേതികവിദ്യയും നൂതനത്വവും അഥവാ ഇന്നൊവേഷനും പ്രതിഫലിപ്പിക്കുന്ന ഒരു പേര് കണ്ടെത്താനായി പിന്നീട് ഇരുവരുടെയും ശ്രമം. അങ്ങനെ ഒടുവില്‍ നെറ്റ്‌വര്‍ക്ക് എന്ന വാക്കിലെ നെറ്റും, സിനിമ എന്ന അര്‍ഥം വരുന്ന ഫ്‌ളിക്‌സ് എന്ന വാക്കും സംയോജിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ് എന്ന പേര് നല്‍കി. അത് ക്ലിക്ക് ആവുകയും ചെയ്തു.
1998 ഏപ്രില്‍ 14ന് നെറ്റ്ഫ്‌ളിക്‌സ്.കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. തുടക്കത്തില്‍, ഈ സേവനത്തിലൂടെ 925 ഡിവിഡി ടൈറ്റിലുകള്‍ വാടകയ്ക്ക് ലഭ്യമായിരുന്നു. അവ മെയ്ല്‍ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ വാടകയ്‌ക്കെടുക്കുന്ന ഡിവിഡി കണ്ടതിനു ശേഷം കവറില്‍ തിരിച്ചയയ്ക്കാനും സാധിച്ചിരുന്നു.
1999ല്‍ നെറ്റ്ഫ്‌ളിക്‌സ് ഒരു പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നിശ്ചിത ഫീസ് പ്രതിമാസം നല്‍കിയാല്‍ ലേറ്റ് ഫീസ് ഇല്ലാതെ എത്ര ഡിവിഡി വേണമെങ്കിലും വാടകയ്ക്കെടുക്കാൻ സൗകര്യം നൽകി. ഈ മോഡല്‍ വളരെ ജനപ്രിയമായിത്തീര്‍ന്നു. നെറ്റ്ഫ്‌ളിക്‌സിന്‍റെ ജൈത്രയാത്ര അവിടെ ആരംഭിച്ചു. സ്ട്രീമിങ് വ്യവസായത്തിനു തന്നെ തുടക്കമിട്ട ബിസിനസ് മോഡലായിരുന്നു ഇത്.
2007ല്‍ 1000 സിനിമകളുള്ള ഒരു ലൈബ്രറിയുടെ സഹായത്തോടെയാണ് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് സേവനം അവതരിപ്പിച്ചത്. ഇതൊരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. വിഡിയൊ കാസറ്റും സിഡിയും ഡിവിഡിയുമൊക്കെ വാടകയ്‌ക്കെടുത്ത് കാഴ്ചകള്‍ ആസ്വദിച്ചിരുന്ന പരമ്പരാഗത രീതികളെ നെറ്റ്ഫ്‌ളിക്‌സിന്‍റെ ഈ ബിസിനസ് മോഡല്‍ പൊളിച്ചെഴുതി.
2013ല്‍ നെറ്റ്ഫ്‌ളിക്‌സ് കണ്ടന്‍റ് പ്രൊഡക്ഷനിലേക്കും പ്രവേശിച്ചു. 2016ൽ നെറ്റ്ഫ്‌ളിക്‌സിന്‍റെ സേവനം ലോകമെമ്പാടും ലഭ്യമായിത്തുടങ്ങി, ഒറ്റയടിക്ക് 130 രാജ്യങ്ങളിലാണ് സ്ട്രീമിങ് ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളിലൊന്നാണ് നെറ്റ്ഫ്‌ളിക്‌സ്.