സ്വർണത്തിന് വൻ ഡിമാൻഡ്; പവന് 60,000 രൂപ കടക്കുമെന്ന് പ്രവചനം

കേരളത്തിലെ സ്വര്‍ണ വില പവന് 800 രൂപ വർധിച്ച് 53,760 രൂപയിലെത്തി. ഗ്രാമിന്‍റെ വില 100 രൂപ കുറച്ച് 6,720 രൂപയായി
സ്വർണത്തിന് വൻ ഡിമാൻഡ്; പവന് 60,000 രൂപ കടക്കുമെന്ന് പ്രവചനം

ബിസിനസ് ലേഖകൻ

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഡിമാന്‍ഡ് വർധിപ്പിക്കുന്നതിനാല്‍ നടപ്പു വര്‍ഷം പവന്‍ വില 60,000 രൂപ കടന്ന് മുന്നേറുമെന്ന് പ്രവചനം.

ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലയില്‍ കുതിപ്പ് സൃഷ്ടിക്കുന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,400 ഡോളര്‍ കവിഞ്ഞിരുന്നു. ഇതോടെ കേരളത്തിലെ സ്വര്‍ണ വില പവന് 800 രൂപ വർധിച്ച് 53,760 രൂപയിലെത്തി. ഗ്രാമിന്‍റെ വില 100 രൂപ കുറച്ച് 6,720 രൂപയായി.

ചൈനയിലെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇന്നലെ വിലയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചത്. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമാകുമെന്നതിനാല്‍ വരും മാസങ്ങളില്‍ സ്വര്‍ണത്തിന്‍റെ ആഗോള വില 4,000 ഡോളര്‍ വരെ ഉയരാന്‍ ഇടയുണ്ടെന്നാണ് ആഗോള ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യ ഇടിവ് കൂടി കണക്കിലെടുത്താല്‍ പവന്‍ വില 60,000 തൊടാനിടയുണ്ട്.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാല്‍ ഈ വര്‍ഷം മുഖ്യ പലിശ നിരക്കുകള്‍ മൂന്ന് തവണ കുറയ്ക്കുമെന്ന് അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ പുടിന്‍ വീണ്ടും അധികാരത്തിലെത്തിയതും ഇസ്രയേലും പലസ്തീനുമായുള്ള സംഘര്‍ഷങ്ങള്‍ കൈവിട്ടുപോകുന്നതും ആശങ്ക ശക്തമാക്കുന്നു. ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക സാഹചര്യങ്ങള്‍ സംബന്ധിച്ച ആശങ്കകളും സ്വര്‍ണ വില വർധനയ്ക്ക് ഇടയാക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വിലയില്‍ 13,000 രൂപയുടെ വർധനയാണുണ്ടായത്.

ജ്വല്ലറികളില്‍ നിന്നും സ്വര്‍ണാഭണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയുമടക്കം പവന് വില 58,000 രൂപയിലധികമാകും. ഇന്നലത്തെ വില പവന് 53,760 രൂപയാണ്. പ്രമുഖ ജ്വല്ലറികള്‍ പണിക്കൂലി ഇനത്തില്‍ 2,500 രൂപ മുതല്‍ ഈടാക്കുന്നു. ഇതോടൊപ്പം മൂന്ന് ശതമാനം ചരക്ക് സേവന നികുതിയായ 1,650 രൂപ കൂടി ചേര്‍ക്കുമ്പോള്‍ പവന്‍റെ വില 58,000 കവിയും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com