
ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ റീട്ടെയ്ല്‍ വിപണിയില്‍ മത്സരം രൂക്ഷമായതാടെ സോഫ്റ്റ് ഡ്രിങ്ക്സ് മുതല്‍ സോപ്പിനും ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും വരെ വന്‍ വിലയിളവ് പ്രഖ്യാപിച്ച് മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തമ്മില്‍ യുദ്ധം മുറുകുന്നു.
ടെലികോം മേഖല കീഴടക്കാനായി പയറ്റിയ തന്ത്രം പുറത്തെടുത്ത് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ കിഴിവുമായി തുറന്ന യുദ്ധത്തിന് തുടക്കമിടുന്നത്. റിലയന്‍സ് ബ്രാന്‍ഡിലുള്ള കാമ്പയെന്ന സോഫ്റ്റ് ഡ്രിങ്ക് വന്‍ വിലക്കുറവില്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ച് കഴിഞ്ഞമാസം പെപ്സിയും കൊക്കകോളയുമായി കടുത്ത മത്സരത്തിന് റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഹോം കെയര്‍, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ക്ക് 30 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ് റിലയന്‍സ് കണ്‍സ്യൂമര്‍ ഓഫര്‍ ചെയ്യുന്നത്. റിലയന്‍സ് റീട്ടെയ്ലിന്റെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലും വിപണികളിലുമാണ് ഈ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നത്. അടുത്തഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപാര ശൃംഖല വ്യാപിപ്പിച്ച് രാജ്യത്തെ എഫ്എംസിജി ഉത്പന്ന വിപണിയില്‍ മുന്‍നിര സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സെന്ന് കമ്പനി അധികൃതര്‍ പറയുന്നു. അസംഘടിത വ്യാപാരികളെ കൂടി ചങ്ങലയുടെ ഭാഗമാക്കി 11,000 കോടി ഡോളറിന്റെ വിപണിയില്‍ 30 ശതമാനം വിഹിതം നേടാന്‍ ഇപ്പോഴത്തെ നീക്കം സഹായിക്കുമെന്നും അവര്‍ പറയുന്നു. നിലവില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രൊക്റ്റര്‍ ആന്‍ഡ് ഗാംബിള്‍, നെസ്ലേ, ഐടിസി എന്നിവയാണ് ഇന്ത്യന്‍ എഫ്എംസിജി വിപണി അടക്കിവാഴുന്നത്.
റിലയന്‍സ് റീട്ടെയ്ലിന്റെ ബ്രാന്‍ഡിലുള്ള ഗ്ലിമ്മര്‍ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയല്‍ നാച്ചുറല്‍ സോപ്പ്, പ്യൂറിക് ഹൈജീന്‍ സോപ്പ് തുടങ്ങിയവ കേവലം 25 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. അതേസമയം നൂറ് ഗ്രാം ലക്സ് സോപ്പിന് 35 രൂപയും 75 ഗ്രാം ഡെറ്റോള്‍ സോപ്പിന് 40 രൂപയും സന്തൂറിന് 34 രൂപയുമാണ് ഇതര കമ്പനികള്‍ ഈടാക്കുന്നത്. ഈസോ 2 എന്ന ഫ്രണ്ട് ലോഡ് ആന്‍ഡ് ടോപ്പ് ലോഡ് ഡിറ്റര്‍ജന്റ് ലോഷൻ റിലയന്‍സ് റീട്ടെയ്ല്‍ 250 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്രധാന എതിരാളിയായ സര്‍ഫ് എക്സലിന്റെ സമാന ഉത്പന്നത്തിന് 325 രൂപയാണ് വില. ഡിഷ് വാഷ് സെഗ്മെന്റില്‍ 5, 10, 15 രൂപ നിരക്കിലുള്ള സാഷേ പാക്കറ്റുകളും റിലയന്‍സ് അവതരിപ്പിക്കുന്നു.
ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് എഫ്എംസിജി വിപണിയില്‍ ഉത്പന്നങ്ങളുടെ വില റിലയന്‍സ് റീട്ടെയ്ല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനു ചുവടുപിടിച്ച് വരും ദിവസങ്ങളില്‍ മറ്റ് പ്രമുഖ എഫ്എംസിജി കമ്പനികളും ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കാന്‍ തയാറാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.