

കോഴിക്കോട് സൈബർ പാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പ് നിർമിക്കുന്ന സൈബർ ടവറിന്‍റെ രൂപരേഖ.
AI generated summary, newsroom reviewed
കോഴിക്കോട്: മലബാറിന്‍റെ ഐടി ഭൂപടത്തിൽ പുതിയൊരു നാഴികക്കല്ല്. ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പുതിയ ഐടി സംരംഭമായ "ഹൈലൈറ്റ് സൈബർ ടവർ" കോഴിക്കോട്ട് ഉയരുകയാണ്- 9 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ, 600 കോടി രൂപയുടെ നിക്ഷേപത്തിൽ.
2.5 ഏക്കറിൽ നിർമിക്കുന്ന ഈ ഗ്രേഡ് എ കെട്ടിടത്തിന്‍റെ തറക്കല്ലിടൽ ഒക്റ്റോബർ 3-ന് കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. അടുത്ത വർഷങ്ങൾക്കുള്ളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ വലിയ പദ്ധതിയുടെ ഭാഗമാണ് ഈ സൈബർ ടവർ.
പതിനായിരത്തിലധികം തൊഴിലവസരങ്ങൾ
ബഹുരാഷ്ട്ര കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ-വികസന കേന്ദ്രങ്ങൾക്കും അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് ഈ ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കോഴിക്കോടിന്‍റെ റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ വലിയ മുന്നേറ്റം നൽകാനും ഈ പദ്ധതി വഴിയൊരുക്കും.
"മലബാറിന്‍റെ പ്രാദേശിക സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി. നമ്മുടെ പ്രഗത്ഭരായ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നത്," ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.
"വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇടങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പദ്ധതി പൂർത്തിയാകുന്നതിനു മുൻപു തന്നെ സ്പേസ് പൂർണമായും ലീസ് നൽകാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്സ് ഡയറക്റ്റർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫിസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക, ഹൈലൈറ്റ് ഹോൾഡിങ്സ് കോർപ്പറെറ്റ് ഹെഡ് സോണൽ സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ.
ഹരിത മാനദണ്ഡങ്ങളോടെ നിർമാണം
കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ, എംപി എം.കെ. രാഘവൻ, കോഴിക്കോട് കോർപ്പറെറ്റ് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, എംഎൽഎയും ഡിസിസി പ്രസിഡന്‍റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ എം.എ. റസാഖ് മാസ്റ്റർ, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്സ് ഡയറക്റ്റർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫിസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക, ഹൈലൈറ്റ് ഹോൾഡിങ്സ് കോർപ്പറെറ്റ് ഹെഡ് സോണൽ സതീഷ് എന്നിവർ പങ്കെടുത്തു.