
സഞ്ജയ് മൽഹോത്ര, റിസർവ് ബാങ്ക് ഗവർണർ
മുംബൈ: തന്‍റെ പേര് സഞ്ജയ് എന്നാണെന്നു കരുതി മഹാഭാരതത്തിലെ സഞ്ജയനല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭാവിയിലെ പലിശ നിരക്കിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായ രണ്ടാം ധന അവലോകന യോഗത്തിലും റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആർബിഐ ഗവർണറോടുള്ള ചോദ്യങ്ങൾ. കുരുക്ഷേത്ര യുദ്ധഭൂമിയിലെ കാഴ്ചകൾ ദൂരെ ഹസ്തിനപുരത്തെ കൊട്ടാരത്തിലിരുന്ന് ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുക്കുന്ന സഞ്ജയനെ ഉദാഹരിച്ച് ഇതിനു മറുപടി നൽകുകയായിരുന്നു മൽഹോത്ര.
ധന അവലോകന യോഗത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം ബേസ് പോയിന്‍റ് കുറച്ച് ആറ് ശതമാനത്തിലെത്തിച്ചിരിക്കുകയാണ്. ബാങ്ക് വായ്പാ പലിശയിലും, അതുവഴി തിരിച്ചടയ്ക്കുന്ന ഇഎംഐയിലും കുറവ് വരാൻ ഇതു സഹായിക്കും.