

ഇന്ത്യയുടെ അടിസ്ഥാന വർഷ ജിഡിപി പരിഷ്കരണം മനസിലാക്കൽ
symbolic image
സൗരഭ് ഗാർഗ്
ഒരു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവും ആരോഗ്യവും അളക്കാനുള്ള രീതിയാണു മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി. രാജ്യത്തിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പോലെയാണിത്. ഒരു രാജ്യം എത്രത്തോളം ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നു എന്ന് ഇതു നമ്മോടു പറയുന്നു. ജിഡിപി വർധിക്കുമ്പോൾ സാധാരണയായി വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നുവെന്നും കൂടുതൽ പേർക്കു തൊഴിൽ ലഭിക്കുന്നുവെന്നും വരുമാനം ഉയരുന്നുവെന്നുമാണ് അർഥം. ആഗോളതലത്തിലും ജിഡിപിക്കു വലിയ പ്രാധാന്യമുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ 5 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. 2030ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണു കരുതപ്പെടുന്നത്.
സമ്പദ്‌വ്യവസ്ഥയെ അളക്കാനുള്ള ഉപകരണം എന്ന നിലയിൽ, അതിന്‍റെ കൃത്യമായ സ്പന്ദനം തിരിച്ചറിയാൻ ജിഡിപിയിൽ കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം സഞ്ചരിക്കാൻ നിശ്ചിത കാലയളവിൽ ജിഡിപിയുടെ അടിസ്ഥാന വർഷം പുതുക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സമ്പദ്‌വ്യവസ്ഥ പുനർനിർമിക്കപ്പെടുമ്പോൾ പുതിയ വ്യവസായങ്ങൾ ഉദയം ചെയ്യുകയും, ഉപഭോഗ രീതികൾ മാറുകയും, പുതിയ വിവര സ്രോതസുകൾ രൂപപ്പെടുകയും ചെയ്യും. ഇത്തരം പരിഷ്കരണങ്ങൾ ഔദ്യോഗിക ഡേറ്റയെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്താനും കണക്കുകൾ കൂടുതൽ കൃത്യവും ശക്തവുമാക്കാനും സഹായിക്കുന്നു.
അവസാനത്തെ അടിസ്ഥാന വർഷ പരിഷ്കരണത്തിനു ശേഷം ലഭ്യമായ പുതിയ ഡേറ്റാ സ്രോതസുകൾ, ജിഡിപിയിലേക്കുള്ള വിവിധ മേഖലകളുടെയും പ്രദേശങ്ങളുടെയും സംഭാവനകൾ കൂടുതൽ വ്യക്തമായി കാണാൻ നമ്മെ സഹായിച്ചിട്ടുണ്ട്. കൂടാതെ, അനൗദ്യോഗിക മേഖലയെ കൂടി ഉൾക്കൊള്ളുന്ന രജിസ്റ്റർ ചെയ്യപ്പെടാത്ത മേഖലയുടെ മൂല്യവർധന കണക്കാക്കുന്നതിനു കൂടുതൽ മികച്ച രീതികൾ സ്വീകരിക്കാനും ഇതു സഹായകമായിട്ടുണ്ട്.
കഴിഞ്ഞ അടിസ്ഥാന വർഷ പരിഷ്കരണത്തിനു ശേഷമുള്ള കാലയളവിൽ, കമ്പനികളുമായി ബന്ധപ്പെട്ട മാനെജ്‌മെന്‍റ് ആൻഡ് അഡ്മിനിസ്ട്രേഷൻ പോലുള്ള പുതിയ ഡേറ്റാ സെറ്റുകൾ ലഭ്യമായിട്ടുണ്ട്. ഒരു സംരംഭം നടത്തുന്ന വ്യാവസായിക പ്രവർത്തനങ്ങളുടെ എണ്ണം, വ്യാവസായിക പ്രവർത്തനങ്ങളുടെ വിവരണം, ഓരോ വർഷവും ഓരോ വ്യവസായത്തിൽനിന്നുമുള്ള വിറ്റുവരവിന്‍റെ ശതമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവ നൽകുന്നു. അതുകൊണ്ട്, അടിസ്ഥാന വർഷം പുതുക്കുമ്പോൾ, വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങളുടെ മൂല്യവർധന പുതുതായി ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങളിലായി വിഭജിച്ചു നൽകുന്നു. ഈ മാറ്റം ഓരോ മേഖലയുടെയും സംഭാവനകൾ കൂടുതൽ കൃത്യമായി രേഖപ്പെടുത്താനും, ഓരോ വ്യാവസായിക പ്രവർത്തനവും സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്നതിനെക്കുറിച്ചു കൂടുതൽ വ്യക്തമായ കാഴ്ചപ്പാടു നൽകാനും സഹായിക്കുന്നു.
കമ്പനികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഓരോ മേഖലയുടെയും സംഭാവനകൾ കൂടുതൽ കൃത്യമായി അളക്കാൻ സഹായിക്കുന്നതുപോലെ, പുതിയ ജിഡിപി പരമ്പരയിൽ ജിഎസ്ടി വിവരങ്ങളുടെ വർധിച്ച ഉപയോഗം പ്രാദേശികമായ സംഭാവനകളെക്കുറിച്ചു കൂടുതൽ കൃത്യമായ കാഴ്ചപ്പാടു നൽകുന്നു. സ്വകാര്യ കോർപ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക വിഹിതം മെച്ചപ്പെടുത്തുന്നതിലൂടെയും, സംസ്ഥാന തലത്തിലുള്ള ചെലവ് അടിസ്ഥാനമാക്കിയുള്ള കണക്കുകൾ കൂടുതൽ മികച്ച രീതിയിൽ സമാഹരിക്കുന്നതിലൂടെയുമാണ് ഇതു സാധ്യമാകുന്നത്.
വിവിധ സർവെകളിൽനിന്നുള്ള വാർഷിക വിവരങ്ങൾ മുമ്പു ലഭ്യമായിരുന്നില്ല. ഇപ്പോൾ ഇവ ലഭ്യമായതോടെ, രജിസ്റ്റർ ചെയ്യപ്പെടാത്ത മേഖലയുടെ മൂല്യവർധന ഓരോ വർഷവും കണക്കാക്കുന്നതിന് കൂടുതൽ മികച്ച രീതികൾ സ്വീകരിക്കാൻ നമുക്കു സാധിക്കുന്നു. മുമ്പ്, മറ്റു സൂചകങ്ങളിൽനിന്നു പരോക്ഷമായിട്ടായിരുന്നു ജിഡിപിയിലേക്കുള്ള ഈ മേഖലയുടെ സംഭാവന അനുമാനിച്ചിരുന്നത്. ദശലക്ഷക്കണക്കിനു ഗാർഹിക വ്യവസായങ്ങൾ, ചെറിയ കടകൾ, സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ എന്നിവരടങ്ങുന്ന ഈ മേഖല സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗമാണ് എന്നതിനാൽ ഈ മാറ്റം വളരെ പ്രധാനമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ജനങ്ങളുടെ ഉപജീവനമാർഗത്തിലും ഈ മേഖല നിർണായക പങ്കു വഹിക്കുന്നു.
അടിസ്ഥാന വർഷ പരിഷ്കരണം എന്നത് പുതിയ ഡേറ്റാ സ്രോതസുകൾ ഉപയോഗിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, അതു കണക്കാക്കുന്ന രീതിശാസ്ത്രത്തിൽ വരുത്തുന്ന മെച്ചപ്പെടുത്തലുകൾ കൂടിയാണ്. ഈ കാര്യത്തിൽ, പുതിയ ജിഡിപി പരമ്പരയിൽ നിരവധി മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്.
മുമ്പ്, മാറുന്ന വിലകൾക്കനുസരിച്ച് ജിഡിപി ക്രമീകരിക്കുന്നതിനുള്ള സങ്കീർണ രീതിയായ "ഡബിൾ ഡിഫ്ലേഷൻ' കൃഷി വകുപ്പിൽ മാത്രമാണു നടപ്പാക്കിയിരുന്നത്. 2022-23 അടിസ്ഥാന വർഷമായുള്ള പുതിയ പരമ്പരയിൽ, മതിയായ ഡേറ്റ ലഭ്യമായതിനാൽ "ഡബിൾ ഡിഫ്ലേഷൻ' നിർമാണ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റു മേഖലകളിൽ "സിംഗിൾ എക്സ്ട്രാപോളേഷൻ' / "വോളിയം എക്സ്ട്രാപോളേഷൻ' രീതിയാണ് ഉപയോഗിക്കുന്നത്. ലഭ്യമായ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും കണക്കുകൾ കൃത്യവും വിശ്വസനീയവുമായി നിലനിർത്താനും ഈ സമീപനം സഹായിക്കുന്നു. ഉത്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വിലകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യമുള്ളതിനാൽ "ഡബിൾ ഡിഫ്ലേഷൻ' രീതിക്കു വലിയ തോതിലുള്ള ഡേറ്റ ആവശ്യമാണ്. വരുംകാലങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച്, ഈ രീതി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ സാധിക്കും.
രീതിശാസ്ത്രപരമായ മറ്റൊരു പ്രധാന മെച്ചപ്പെടുത്തൽ ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളും, വ്യക്തികളും വ്യവസായ സ്ഥാപനങ്ങളും നടത്തുന്ന ചെലവുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളും തമ്മിലുള്ള പൊരുത്തപ്പെടുത്തലാണ്. ഇവ രണ്ടും പലപ്പോഴും കൃത്യമായി ഒത്തുപോകാറില്ല; വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ചു ത്രൈമാസ ജിഡിപി കണക്കുകളിൽ ഇതു സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, പുതിയ പരമ്പരയിൽ "സപ്ലൈ ആൻഡ് യൂസ് ടേബിൾസ് ' എന്ന ചട്ടക്കൂടാണ് ഉപയോഗിക്കുന്നത്. പ്രാഥമിക കണക്കുകളിൽ ഇത്തരം പൊരുത്തക്കേടുകൾ പരിമിതപ്പെടുത്തുന്നതും, അന്തിമ കണക്കുകൾ തയാറാക്കുമ്പോൾ പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നതോടെ അവ ഒഴിവാക്കുന്നതും ഈ രീതി ഉറപ്പാക്കുന്നു.
പുതുക്കിയ ജിഡിപി കണക്കുകൾ എന്നത്, സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തെളിച്ചമുള്ള ലെൻസിലൂടെ നോക്കുന്നതു പോലെയാണ്. ചെറുതോ വലുതോ ആയ ഓരോ സാമ്പത്തിക പ്രവർത്തനവും ഇതിലൂടെ വ്യക്തമായി കാണാനാകും. ഇതു രാജ്യത്തിന്‍റെ വളർച്ചയിലേക്കുള്ള അവയുടെ സംഭാവനകൾ കൃത്യമായി വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഡേറ്റ ഉപയോഗിച്ചും, കണക്കുകൂട്ടൽ രീതികൾ പരിഷ്കരിച്ചും, അന്താരാഷ്‌ട്ര തലത്തിലെ മികച്ച മാതൃകകൾക്ക് അനുസൃതമായും മന്ത്രാലയം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചിരിക്കുന്നു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം, സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണു നയങ്ങളും പൊതുസേവനങ്ങളും രൂപീകരിക്കപ്പെടുന്നത് എന്നാണ് ഇതിനർഥം. സാമ്പത്തിക വളർച്ച എന്നതു വെറും കടലാസുകളിൽ ഒതുങ്ങാതെ ദൈനംദിന ജീവിതത്തിൽ അനുഭവവേദ്യമാക്കാൻ ഇതു സഹായിക്കുന്നു.
(ലേഖകൻ സ്ഥിതിവിവര- പദ്ധതി നിർവഹണ മന്ത്രാലയം സെക്രട്ടറിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം).