ഇറക്കുമതി നികുതി കുറയ്ക്കണം

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 16,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് വിന്‍ഫാസ്റ്റ് പുതിയ വൈദ്യുതി വാഹന നിർമാണ ഫാക്റ്ററിക്ക് തുടക്കം കുറിച്ചത്
ഇറക്കുമതി നികുതി കുറയ്ക്കണം

ബിസിനസ് ലേഖകൻ

കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ വന്‍കിട വിദേശ കമ്പനികള്‍ സമ്മര്‍ദം ശക്തമാക്കി. അമെരിക്കയിലെ വാഹന ഭീമനായ ടെസ്‌ലയും വിയറ്റ്നാമിലെ വിന്‍ഫാസ്റ്റും ഉള്‍പ്പെടെ മുന്‍നിര കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയില്‍ കടക്കുന്നതിന് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

നിലവില്‍ വിദേശത്ത് നിര്‍മിക്കുന്ന 40,000 ഡോളറിലധികം വിലയുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 33 ലക്ഷം രൂപയിലധികം വിലയുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ ഇരട്ടി വില നല്‍കേണ്ടി വരും. ഇതിലും കുറഞ്ഞ വിലയുള്ള വാഹനങ്ങള്‍ക്ക് ഇറക്കുമതി നികുതി 60 ശതമാനമാണ്. വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ പുതിയ ഫാക്റ്ററിക്കായി 200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയാറാണെന്ന് ആഗോള കമ്പനിയായ ടെസ്‌ല പറയുന്നു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇറക്കുമതി നികുതി 15 ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്‌ല ആവശ്യപ്പെടുന്നത്.

തമിഴ്നാട്ടിലെ ചെന്നൈയില്‍ പുതിയ ഫാക്റ്ററി സ്ഥാപിച്ച വിയറ്റ്നാം കമ്പനിയായ വിന്‍ഫാസ്റ്റ് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സമ്മർദം ശക്തമാക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 16,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് വിന്‍ഫാസ്റ്റ് പുതിയ വൈദ്യുതി വാഹന നിർമാണ ഫാക്റ്ററിക്ക് തുടക്കം കുറിച്ചത്. വൈദ്യുത വാഹനങ്ങളുടെ നിർമാണ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഘടക ഭാഗങ്ങള്‍ ഇറക്കുമതി നല്‍കുന്നതിന് നികുതി ഇളവുകള്‍ നല്‍കണമെന്നാണ് വിന്‍ഫാസ്റ്റ് ആവശ്യപ്പെടുന്നത്. അതേസമയം ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിയിലെ മുന്‍നിരക്കാരായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഒല ഇലക്‌ട്രികും ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ്. ടെസ്‌ല ഉള്‍പ്പെടെയുള്ള വിദേശ ഭീമന്മാര്‍ക്കായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നത് ആഭ്യന്തര വാഹന നിർമാതാക്കളെ വന്‍ പ്രതിസന്ധിയിലാക്കുമെന്ന് ഒല ഇലക്‌ട്രിക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഭാവിഷ് അഗര്‍വാള്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com